രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പിന് മുൻപുള്ള ഇടക്കാല ബജറ്റായതിനാൽ ജനപ്രിയ പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാവിലെ 11 മണിക്കാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.
ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കും. വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ ഇടയുണ്ട്.കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കുമുള്ള പദ്ധതികള്‍ക്കു മുന്‍ഗണന ലഭിച്ചേക്കും.
നൈപുണ്യ വികസനം, സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തല്‍ എന്നിവയിലൂടെ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്‌ക്കാകും ഊന്നല്‍. പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും.ചെലവ് കുറഞ്ഞ ഭവനപദ്ധതികള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിച്ചേക്കാം. വിളകളുടെ ഉയര്‍ന്ന താങ്ങുവില, കൂടിയ വായ്‌പാവിഹിതം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.
ഡിജിറ്റലൈസ്‌ഡ് ഇന്ത്യ, ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്കും ഊന്നല്‍ ലഭിക്കും.നികുതി ഘടനയിലും ആദായനികുതി നിരക്കിലും മാറ്റത്തിനും സാധ്യതയുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതത്തിൽ ഗണ്യമായ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക.