ചെന്നൈ: അന്തരിച്ച ഗായകരുടെ ശബ്ദം പാട്ടിനുവേണ്ടി നിർമിതബുദ്ധിയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച പ്രശസ്ത സംഗീതജ്ഞൻ എ.ആർ. റഹ്‌മാന് ആസ്വാദകരുടെ കൈയടിയും കല്ലേറും.
ഗായകരുടെ കുടുംബങ്ങളോട് അനുമതിവാങ്ങി പ്രതിഫലം നൽകിയാണ് ശബ്ദം ഉപയോഗിച്ചതെന്ന് റഹ്‌മാൻ വിമർശനങ്ങൾക്കു മറുപടിനൽകി.
രജനീകാന്ത് നായകനാകുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിലെ ‘തമിരി യെഴടാ’ എന്ന ഗാനത്തിന് വേണ്ടിയാണ് എആര്‍ റഹ്മാന്‍ അന്തരിച്ച ഗായകനായ ബംബ ബാക്യയുടെയും ഷാഹുല്‍ ഹമീദിന്റെയും ശബ്ദം നിര്‍മിതബുദ്ധി ഉപയോഗിച്ച് പുനഃസൃഷ്ടിച്ചത്.
‘ഉസിലാംപട്ടി പെൺകുട്ടി’ ഉൾപ്പെടെയുള്ള ഹിറ്റ് ഗാനങ്ങൾ പാടിയ ഷാഹുൽ ഹമീദ് 1997ല്‍ ചെന്നൈയില്‍ ഒരു വാഹനാപകടത്തിലാണ് അന്തരിച്ചത്.
രാവണിലെ പുള്ളിനങ്കാൾ എന്ന പാട്ടിലൂടെ പ്രശസ്തനായ ബമ്പ ഭാഗ്യ 2022ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.
‘അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിന് കുടുംബാംഗങ്ങളില്‍ നിന്ന് അനുവാദം വാങ്ങുകയും അതിന് തക്ക പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്ത ശേഷമാണ് ഈ പരീക്ഷണം.
ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ സാങ്കേതികവിദ്യ ഒരു ഭീഷണിയോ ശല്യമോ ആവില്ലെന്നും അദ്ദേഹം കുറിച്ചു.
സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനവുമായി ഒരു സംഘം രംഗത്തെത്തിയതോടെയാണ് എആര്‍ റഹ്മാന്‍ വിശദീകരണവുമായി എത്തിയത്.