ചെന്നൈ; മെട്രോ യാത്രകൾക്കുള്ള ടിക്കറ്റെടുക്കാൻ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനുകളുമായി ചേർന്ന് അധികസൗകര്യങ്ങൾ ഒരുക്കി സിഎംആർഎൽ.
റാപിഡോ, നമ്മ യാത്രി, റെഡ് ബസ് തുടങ്ങിയ സ്വകാര്യ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യമാണ് (ഓപ്പൺ നെറ്റ്‌വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ്– ഒഎൻഡിസി) ഏറ്റവും പുതിയതായി ഏർപ്പെടുത്തിയത്.
മെട്രോ ട്രാവൽ കാർഡ്, എൻസിഎംസി സിങ്കാര ചെന്നൈ കാർഡ്, വാട്സാപ്, ഫോൺപേ, പേയ്ടിഎം ക്യുആർ കോഡുകൾ തുടങ്ങിയവ വഴി ടിക്കറ്റുകളെടുക്കാനുള്ള സംവിധാനങ്ങൾക്കു പുറമേയാണിത്.
ഇതോടെ, ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാകുന്ന രാജ്യത്തെ ആദ്യ മെട്രോയായി ചെന്നൈ മാറി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എം.എ.സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു.
വിവിധ യാത്രാ മാർഗങ്ങൾ ഉപയോഗിക്കുന്നവർക്ക് ടിക്കറ്റുകളെടുക്കുന്നത് അനായാസമാക്കാനും വാഹനങ്ങൾക്കായി കാത്തുനിൽക്കുന്നത് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും.
ചെന്നൈ മെട്രോയ്ക്ക് പിന്നാലെ കൊച്ചി, കാൻപുർ, പുണെ മെട്രോകളും ഒഎൻഡിസി നെറ്റ്‌വർക്കിൽ ചേരാനുള്ള തയാറെടുപ്പിലാണ്.
നഗരഗതാഗതം കൂടുതൽ ആയാസരഹിതമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം സഹായകമാകും.