ചെന്നൈ : രാമേശ്വരത്തുനിന്ന് ഉത്തർപ്രദേശിലെ വാരാണസിയിലേക്ക് വർഷംതോറും 300 പേർക്ക് സൗജന്യ തീർഥാടനത്തിന് അവസരമൊരുക്കുമെന്ന് തമിഴ്നാട് ദേവസ്വംമന്ത്രി പി.കെ. ശേഖർബാബു അറിയിച്ചു.
ഇതിന് സംസ്ഥാനസർക്കാർ 75 ലക്ഷം രൂപ അനുവദിക്കും. കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും സംഘടിപ്പിച്ച് കേന്ദ്രസർക്കാർ തമിഴ്നാട്ടിൽനിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരും തീർഥാടനപദ്ധതികൾ നടപ്പാക്കുന്നത്.
തമിഴ്നാട് സർക്കാർ കഴിഞ്ഞവർഷമാണ് രാമേശ്വരം-കാശി തീർഥാടനപദ്ധതി പ്രഖ്യാപിച്ചത്. 500-ലേറെപ്പേർ അപേക്ഷ നൽകിയെങ്കിലും 200 പേർക്കാണ് അവസരം ലഭിച്ചത്.
ഒരാൾക്ക് 25,000 രൂപ വെച്ച് 50 ലക്ഷം രൂപയാണ് സർക്കാർ ഇതിനുവേണ്ടി അനുവദിച്ചത്.
ഗുണഭോക്താക്കളുടെ എണ്ണം ഇത്തവണ 300 ആയി ഉയർത്തുമെന്ന് മന്ത്രി ശേഖർബാബു പറഞ്ഞു. ഫെബ്രുവരി എട്ട്, 15, 22, 29 തീയതികളിലായി പല സംഘങ്ങളായാണ് ഇവർ യാത്രതിരിക്കുക.
സംസ്ഥാനത്തെ അമ്മൻക്ഷേത്രങ്ങളിലേക്കും വൈഷ്ണവ ക്ഷേത്രങ്ങളിലേക്കുമുള്ള തീർഥാടനത്തിന് സഹായം നൽകുന്നതിന് സർക്കാർ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മുതിർന്നപൗരർക്ക് ആറ് മുരുകക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനുള്ള സൗജന്യ തീർഥാടനപദ്ധതി കഴിഞ്ഞദിവസം തുടങ്ങിയിട്ടുണ്ട്. ഒരുവർഷം 1000 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.