ചെന്നൈ: പൊതുജനങ്ങളുടെ പ്രയോജനത്തിനായി കിളമ്പാക്കം ബസ് ടെർമിനസിൽ മിതമായ നിരക്കിൽ ഭക്ഷണശാലകൾ ആരംഭിക്കുമെന്ന് ചെന്നൈ മെട്രോപോളിറ്റൻ ഡിവലപ്‌മെന്റ് അതോറിറ്റി(സി.എം.ഡി.എ.)യുടെ ചുമതലവഹിക്കുന്ന മന്ത്രി പി.കെ. ശേഖർ ബാബു പറഞ്ഞു.
കിളാമ്പാക്കം ബസ്‌സ്റ്റാൻഡിൽ പുതിയ പോലീസ് സ്റ്റേഷന് തറക്കല്ലിട്ടതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചെന്നൈ വിമാനത്താവളത്തിൽനിന്ന് കിളാമ്പാക്കത്തേക്ക് മെട്രോ റെയിൽ സർവീസ് ആരംഭിക്കാൻ നടപടികളെടുക്കും. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ മെട്രോ റെയിൽവേ അധികൃതരുമായി ചർച്ചനടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തുറന്ന് 35 ദിവസത്തിനകം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ 90% പൂർത്തീകരിച്ചതായും എടിഎം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നതിനായി മുടിച്ചൂരിൽ നിർമിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കി ഉപയോഗത്തിന് സജ്ജമാകും.
സിഎംബിടിയിൽ കടയുണ്ടായിരുന്ന 11 ഉടമകൾക്ക് കടകൾ അനുവദിക്കാനും ക്രമീകരണം ചെയ്തിട്ടുണ്ട്.
കോയമ്പേട് ബസ്‌സ്റ്റാൻഡിലുണ്ടായിരുന്ന ഒൻപത് കടകൾക്ക് കിളാമ്പാക്കം ബസ്‌സ്റ്റാൻഡിൽ പ്രവർത്തിക്കാൻ അനുമതി നൽകും.
ബസ്‌സ്റ്റാൻഡിൽ ഉടൻ വിവിധ ബാങ്കുകളുടെ എ.ടി.എം. കേന്ദ്രങ്ങൾ ആരംഭിക്കും. 14.30 കോടി രൂപയിലാണ് കിളാമ്പാക്കത്ത് പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കുന്നത്.
കിളാമ്പാക്കത്ത് 20 കോടി രൂപ ചെലവിൽ റെയിൽ സ്റ്റേഷൻ നിർമാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാകും.
കിളാമ്പാക്കത്തുനിന്ന് ഏഴുകിലോമീറ്റർ അകലെ മുടിച്ചൂരിൽ അഞ്ച് ഏക്കറിൽ 27.98 കോടി രൂപ ചെലവിൽ സ്വകാര്യ ബസുകൾക്കായി നിർമിക്കുന്ന ബസ്‌സ്റ്റാൻഡ് മാർച്ചിൽ പൂർത്തിയാകും.
120 സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനുള്ള സൗകര്യമുണ്ടാകും.
300 ബസ് ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ എന്നിവയുണ്ടാകും.