ചെന്നൈ: തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളിലും ഇന്ത്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് ദി നേഷന്‍ പോള്‍. പ്രതിപക്ഷ സഖ്യം 47 ശതമാനവും ബിജെപി നയിക്കുന്ന എന്‍ഡിഎ 15 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് സര്‍വേ പറയുന്നത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമാണ്. ഈ വര്‍ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് കാര്യമായ വിജയം ഉണ്ടാകില്ലെന്നാണ് എംഒടിഎന്‍ സര്‍വേ സൂചിപ്പിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് ഒരു ലോക്സഭാ സീറ്റ് നേടുന്നതില്‍ എന്‍ഡിഎ പരാജയപ്പെട്ടിരുന്നു.
ഇതിനിടെ ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നത്. സംസ്ഥാനത്തെ 25 സീറ്റുകളില്‍ 17ലും ടിഡിപി വിജയിക്കും. മറുവശത്ത് ഭരണകക്ഷിയായ യുവജന ശ്രമിക റൈതു കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) 8 സീറ്റുകളില്‍ ഒതുങ്ങും. അതേസമയം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കും പ്രതിപക്ഷത്തിന്റെ ഇന്ത്യാ മുന്നണിക്കും സീറ്റുകളൊന്നും ലഭിച്ചേക്കില്ല. എന്നാൽ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 41 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷ. ടിഡിപിക്ക് 45 ശതമാനം വോട്ട് ലഭിക്കാനാണ് സാധ്യത. മറുവശത്ത് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്കും ഇന്ത്യാ മുന്നണിക്കും യഥാക്രമം 2, 3 ശതമാനം വോട്ട് വിഹിതം ലഭിച്ചേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.