ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രിമാരുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലമതിക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
കൂടാതെ പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ വിദേശയാത്ര കാരണം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സംസ്ഥാന മന്ത്രി പി ത്യാഗ രാജനെയും ഡിഎംകെ എംപിമാരെയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ അയച്ചുകൊണ്ട് അദ്ദേഹം പിന്തുണ അറിയിച്ചു.
ഫണ്ട് വിനിയോഗ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിർബന്ധിതരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
“ഇതിന് ജനങ്ങൾക്ക് മുന്നിൽ ബിജെപി സർക്കാർ ഉത്തരം പറയേണ്ടിവരും.
നേരത്തെ, പ്രധാനമന്ത്രിമാർ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിച്ചിരുന്നു, എന്നാൽ പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നത്.
സംസ്ഥാനങ്ങളോ മുഖ്യമന്ത്രിമാരോ ഉള്ളത് അദ്ദേഹത്തിന് ഇഷ്ടമല്ല”, എം കെ സ്റ്റാലിൻ പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കി, ഫണ്ട്, വിദ്യാഭ്യാസം, നിയമം എന്നിവയ്ക്ക് മേലുള്ള അധികാരം എടുത്തുകളഞ്ഞുവെന്ന് എംകെ സ്റ്റാലിൻ അവകാശപ്പെട്ടു.