ഡല്‍ഹി: അയോധ്യയിലെ രാമവിഗ്രഹത്തിന്റെ നിറത്തെപ്പറ്റി കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ പരാമര്‍ശം ഉത്തരാഖണ്ഡ് നിയമസഭയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി റിപ്പോര്‍ട്ട്.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ അദേഷ് സിംഗ് ചൗഹാന് രാമവിഗ്രഹത്തിന്റെ നിറത്തെപ്പറ്റിയുള്ള പരാമര്‍ശം നടത്തിയത്.
വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
’’ ഹൈന്ദവ രേഖകള്‍ പ്രകാരം രാമന് ഇരുനിറമാണ്. എന്നാല്‍ അയോധ്യയിലെ രാമന് നിങ്ങള്‍ കറുപ്പ് നിറമാണ് നല്‍കിയത്,’’ എന്ന് കോണ്‍ഗ്രസ് എംഎല്‍എ അദേഷ് സിംഗ് ചൗഹാന് പറഞ്ഞു.
ഇതോടെ ബിജെപി മന്ത്രിമാരും മറ്റ് എംഎല്‍എമാരും കോണ്‍ഗ്രസിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു.
ചര്‍ച്ച രൂക്ഷമായതോടെ സംസ്ഥാന പാര്‍ലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ സീറ്റില്‍ നിന്നും എഴുന്നേല്ക്കുകയും ഏക സിവില്‍ കോഡ് ബില്ലിനെപ്പറ്റി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പറയുകയും ചെയ്തു.
’’ ശ്രീരാമനെ അവഹേളിക്കുന്ന നിങ്ങളുടെ ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും’’ അദ്ദേഹം പറഞ്ഞു.
ശ്രീരാമനെപ്പറ്റി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
തര്‍ക്കം രൂക്ഷമായതോടെ നിരവധി പേര് സഭയ്ക്കുള്ളില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നിലവില്‍ ഏക സിവില്‍കോഡ് ബില്ലിനെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും വിഷയത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും നിയമസഭാ സ്പീക്കര്‍ റിതു ഖണ്ഡൂരി പറഞ്ഞു.
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ട ചടങ്ങ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്.