Read Time:1 Minute, 24 Second
ചെന്നൈ : വിനോദ സഞ്ചാരത്തിനായി മഹാബലിപുരത്ത് എത്തിയ വിദേശവനിത കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു.
മകൻ നോക്കിനിൽക്കെയാണ് ദുരന്തം. ലണ്ടൻ സ്വദേശിയായ ബ്രിക്കറ്റ് ടൈലർ (84) ആണ് മരിച്ചത്.
ലണ്ടൻ ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച അവർ മകൻ റോബർട്ട് ടൈലറിനൊപ്പമാണ് മഹാബലിപുരത്ത് എത്തിയത്.
തിങ്കളാഴ്ച വൈകീട്ട് ഇരുവരും മഹാബലിപുരം ബീച്ചിലെത്തി കുളിക്കുകയായിരുന്നു. ഇതിനിടയിൽ ബ്രിക്കറ്റ് ടൈലർ തിരയിൽ അകപ്പെട്ടു.
റോബർട്ട് രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. ഒരു മണിക്കൂറിന് ശേഷം മൃതദേഹം കരയ്ക്കടിഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. വിവരം ചെന്നൈയിലെ ബ്രിട്ടീഷ് എംബസിയെ അറിയിച്ചതായി പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിനുശേഷം എംബസിയുടെ സഹായത്തോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.