ചെന്നൈ : ഇന്ത്യയുടെ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക.
കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.-എഫ് 14 ആണ് ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുക.
ജി.എസ്.എൽ.വി.യുടെ 16-ാമത്തെ വിക്ഷേപണമാണിത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് ഘട്ടത്തോടുകൂടിയ ആറാമത്തെ വിക്ഷേപണവും.കാലാവസ്ഥാനിരീക്ഷണം, വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻസാറ്റ്) ശ്രേണിയിലെ ഏറ്റവുംപുതിയ ഉപഗ്രഹമാണ് ഇൻസാറ്റ് 3 ഡി.എസ്. ഭൗമശാസ്ത്ര മന്ത്രാലയത്തിനുവേണ്ടി നിർമിച്ച ഇൻസാറ്റ് 3 ഡി.എസ്.
ഇപ്പോൾ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3 ഡി, 3 ഡി.ആർ. എന്നീ ഉപഗ്രങ്ങളുടെ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഏറ്റെടുക്കുക.
1982-ൽ വിക്ഷേപിച്ച ഇൻസാറ്റ് 1 എ ആയിരുന്നു ഈ ശ്രേണിയിലെ ആദ്യത്തേതെങ്കിലും അത് വിജയിച്ചില്ല. എന്നാൽ, ഇൻസാറ്റ് 1 ബി പത്തുവർഷക്കാലം വിജയകരമായി പ്രവർത്തിച്ചു.
ഈ ശ്രേണിയിലെ അവസാന ഉപഗ്രഹം ഇൻസാറ്റ് 3 ഡി.ആർ. 2016 സെപ്റ്റംബറിലാണ് വിക്ഷേപിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05ന് 27.5 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. കൗണ്ട് ഡൗൺ പൂർത്തിയാവുന്നതിനിടെ റോക്കറ്റിന്റെ അവസാനവട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കും.