ഇ.ഡി. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജിയുടെ ഹർജി

0 0
Read Time:3 Minute, 44 Second

ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി സെന്തിൽ ബാലാജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച ഹർജി നൽകി. ‘

ഇതേത്തുടർന്ന് ബാലാജിക്കെതിരേ കുറ്റം ചുമത്തുന്നത് കോടതി മാറ്റിവെച്ചു.

നിയമനക്കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബാലാജിക്കെതിരേ വെള്ളിയാഴ്ച കുറ്റംചുമത്തി വിചാരണയ്ക്ക് തുടക്കമിടാനാണ് കോടതി നിശ്ചയിച്ചിരുന്നത്.

ഇതിനായി ബാലാജിയെ നേരിട്ട് ഹാജരാക്കാനും നിർദേശംനൽകിയിരുന്നു. പുതിയ ഹർജിനൽകിയ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി അറിയിച്ചു.

തമിഴ്‌നാട് ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ തുടർച്ചയായാണ് ബാലാജിക്കെതിരേ ഇ.ഡി. കള്ളപ്പണക്കേസ് രജിസ്റ്റർചെയ്തത്.

ട്രാൻസ്പോർട്ട്‌ കോർപ്പറേഷനിലെ നിയമനത്തിന്റെ ചുമതല മാനേജിങ് ഡയറക്ടർക്കും ജനറൽ മാനേജർക്കുമാണെന്നും ട്രാൻസ്പോർട്ട്‌ മന്ത്രിയായിരുന്ന തനിക്ക് അതിൽ ഉത്തരവാദിത്വം ഒന്നുമില്ലെന്നും ബാലാജി നൽകിയഹർജിയിൽ പറയുന്നു.

അതുകൊണ്ടുതന്നെ തനിക്കെതിരായ കേസ് നിലനിൽക്കില്ല. ഇ.ഡി. ഹാജരാക്കിയ സാക്ഷിമൊഴികളിൽ തനിക്കെതിരേ തെളിവുകളില്ലെന്നും കേസിനുപിന്നിൽ രാഷ്ട്രീയ വിരോധമാണെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

നിയമനക്കോഴക്കേസിൽ തനിക്കെതിരേ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയാവും മുമ്പ് ഇ.ഡി. കേസിന്റെ വാദം തുടങ്ങരുത് എന്നാവശ്യപ്പെട്ട് ബാലാജി നൽകിയ ഹർജി സെഷൻസ് കോടതി നേരത്തേ തള്ളിയിരുന്നു.

ഇതിനെതിരേ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ബാലാജിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജിക്ക് പതിവുപരിഗണനയേ നൽകാനാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബാലാജിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടുത്തയാഴ്ച വാദംതുടരും. ബാലാജിയുടെയും ഇ.ഡി.യുടെയും വാദം ജസ്റ്റിസ് ആനന്ദ വെങ്കടേഷിന്റെ ബെഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

വകുപ്പില്ലാമന്ത്രിയായി എട്ടുമാസം റിമാൻഡിൽകഴിഞ്ഞ സെന്തിൽ ബാലാജി തിങ്കളാഴ്ചയാണ് രാജിക്കത്ത് നൽകിയത്.

തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ചൊവ്വാഴ്ച രാജി സ്വീകരിച്ചു. പുഴൽ സെൻട്രൽ ജയിലിൽനിന്ന് വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയ ബാലാജിയുടെ റിമാൻഡ് സെഷൻസ് കോടതി ഫെബ്രുവരി 20 വരെ നീട്ടിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts