ചെന്നൈ : പാഴ്‌വസ്തുവെന്ന് കരുതുന്ന വാഴനാരിൽ നിന്നും അരലക്ഷംരൂപ വിലയുള്ള സാരിയാക്കി മാറ്റി പല്ലാവരം അനകാപുത്തൂരിലെ ഒരുകൂട്ടം സ്ത്രീകൾ. പത്തുവർഷം മുമ്പാണ് ഇവർ വാഴനാരിൽനിന്ന് നൂലുണ്ടാക്കി സാരി നെയ്തുതുടങ്ങിയത്.
ഇതിന്റെ പ്രശസ്തി രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. വിദേശത്തുനിന്നുവരെ ഇവർക്കിപ്പോൾ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് സീതാദേവിക്കായി ഇവർ സാരി സമർപ്പിച്ചിരുന്നു.
മൂന്നുതലമുറയായി അനകാപുത്തൂരിൽ തറി നടത്തുന്ന കുടുംബത്തിൽപ്പെട്ട ശേഖറാണ് വാഴനാര് സാരിയുടെ സംരംഭത്തിനായി വനിതാ സ്വയംസഹായ സംഘവുമായി കൈകോർത്തത്.
സംഘത്തിന് നേതൃത്വംനൽകുന്നതിൽ മലയാളിയായ ലൈലയുമുണ്ട്. 20 വർഷത്തിലേറെ നെയ്ത്തുജോലി ചെയ്യുന്ന ലൈല പാറശ്ശാല സ്വദേശിനിയാണ്. ഇവരടക്കം നൂറിൽപ്പരം സ്ത്രീകളാണ് വാഴനാരിൽ സാരി നെയ്യുന്നത്.
വാഴപ്പോളയിൽനിന്നാണ് നാരെടുക്കുന്നത്. ഇവ ഉണക്കി ബലപ്പെടുത്തി ചർക്കയിലൂടെ നൂലുണ്ടാക്കും. പിന്നീട് നിറംനൽകും. അതിനുശേഷമാണ് കൈത്തറിയിൽ നെയ്യുന്നത്.
സാധാരണ സാരിപോലെ സൗകര്യപ്രദമായിത്തന്നെ ഇതു ധരിക്കാനും വെള്ളം ഉപയോഗിച്ച് കഴുകുന്നതിനും സാധിക്കും. ഒരു വാഴയിൽനിന്ന് 200 ഗ്രാം നാരു ലഭിക്കും. പൂർണമായും വാഴനാരുകൊണ്ടുള്ള സാരിയുണ്ടാക്കാൻ ഒരുകിലോ നാര് വേണ്ടിവരും.
വാഴനാര് കൂടാതെ താമര, ചീരത്തണ്ട് തുടങ്ങി 25 തരം പ്രകൃതിദത്ത നാരുപയോഗിച്ച് സാരി നെയ്തതിലൂടെ സംഘം ലിംകാ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.
സാരി വിൽക്കുന്നത് ശേഖറാണ്. സംഘത്തിൽ ജോലിചെയ്യുന്ന വനിതകൾക്ക് കൂലി നൽകും. ദിവസം 450 രൂപവരെ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ലൈല പറഞ്ഞു. കടകളിലൂടെ വിൽക്കുന്നതിനുപകരം ഓൺലൈനിലും നേരിട്ട് ഓർഡറെടുത്തുമാണ് സാരി വിൽക്കുന്നത്.
നൂറുശതമാനവും വാഴനാരിൽ നെയ്തുനൽകുന്ന സാരികൾക്കൊപ്പം കോട്ടൺ, സിൽക്ക് തുടങ്ങിയവ ചേർത്തുള്ള സാരികളുമുണ്ട്.
10 ശതമാനംമുതൽ വാഴനാര് ഉപയോഗിക്കുന്ന സാരികളാണ് കൈത്തറിയിൽ നെയ്യുന്നത്. 2000 രൂപമുതൽ 50,000 രൂപ വരെയാണ് സാരിയുടെ വില. 100 ശതമാനവും വാഴനാരിൽ നെയ്ത സാരിക്കാണ് ഏറ്റവുംകൂടുതൽ വില.
വാഴനാരിൽനിന്ന് നൂലുണ്ടാക്കി നെയ്യുന്നതിന് ഏറെ അധ്വാനവും സമയവും വേണ്ടിവരുന്നതിലാണ് വിലകൂടുന്നത്.
നാഗർകോവിലടക്കം തമിഴ്നാടിന്റെ തെക്കൻമേഖലകളിലെ വാഴത്തോട്ടങ്ങളിൽനിന്നാണ് വാഴപ്പോളകൾ ശേഖരിക്കുന്നത്.