ചെന്നൈ : അറ്റകുറ്റപ്പണികൾക്കായി ചെന്നൈ ബീച്ചിനും ചെങ്കൽപ്പെട്ടിനും ഇടയിൽ രാവിലെ 11 മുതൽ വൈകീട്ട് നാലിനുമിടയിൽ സബർബൻ തീവണ്ടികൾ ഒടാത്തതിനാൽ യാത്രക്കാർ വലഞ്ഞു.
യാത്രക്കാരിൽ പലരും സ്റ്റേഷനുകളിൽ എത്തിയതിന് ശേഷമാണ് തീവണ്ടി സർവീസുകൾ റദ്ദാക്കിയതായുള്ള വിവരം അറിയുന്നത്.
താബരം യാർഡിലും ഈ റൂട്ടിലെ റെയിൽവേ പാതകളിലുമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. കൂടുതൽപേർ യാത്രചെയ്യുന്ന സബർബൻ റൂട്ടാണ് ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട് റൂട്ട്.
ദിവസവും അഞ്ച് ലക്ഷത്തിലധികം പേരാണ് ഈറൂട്ടിൽ മാത്രം യാത്ര ചെയ്യുന്നത്. കൂടാതെ കോയമ്പേടിൽനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ താംബരത്തിന് സമീപമുള്ള കിളാമ്പാക്കത്തേക്ക് മാറ്റിയതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
അതേ സമയം, അറ്റകുറ്റപ്പണികൾക്കായി തീവണ്ടി സർവീസുകൾ നിർത്തിവെക്കേണ്ടി വരുന്നത് സുരക്ഷ ഉറപ്പാക്കാനാണെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു.
ട്രാക്കിലെ വിള്ളലുകൾ, വെൽഡിങ് ജോലികൾ, ട്രാക്കിലെ കരിങ്കൽച്ചീളുകളിലെ മാലിന്യം നീക്കം ചെയ്യുക, പാളങ്ങളുടെ വളവുകൾ മാറ്റുക തുടങ്ങിയ ജോലികളാണ് നടത്തുന്നത്.