ചെന്നൈ: രാഷ്ട്രീയപ്രവർത്തനത്തിനായി വിജയ് അഭിനയം നിർത്തുമ്പോൾ തമിഴ് സിനിമാവ്യവസായം നേരിടേണ്ടിവരുന്നത് കോടികളുടെ നഷ്ടം.
വിപണിമൂല്യത്തിൽ സ്റ്റൈൽമന്നൻ രജനീകാന്തിനെ മറികടന്ന് കുതിക്കുന്നതിനിടയിലാണ് വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്.
ഇതോടെ പ്രതിവർഷം സിനിമാവിപണിയിൽ 1000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
രാഷ്ട്രീയപ്രവേശം പാതിവഴിയിൽ ഉപേക്ഷിച്ച രജനി ആരോഗ്യകാരണത്താൽ വിരമിക്കാൻ ഒരുങ്ങുന്നുവെന്നാണ് സൂചന.
രാഷ്ട്രീയത്തിനൊപ്പം സിനിമാഭിനയവും തുടരുന്ന കമൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
എം.പി.യായാൽ അഭിനയത്തിൽ സജീവമായി തുടരാൻ സാധ്യത കുറവാണ്. അജിത്ത് രംഗത്തുണ്ടെങ്കിലും എല്ലാവർഷവും പടംചെയ്യുന്ന പതിവില്ല.
അതിനാൽത്തന്നെ വിജയ് പിൻവാങ്ങുമ്പോൾ തമിഴ് സിനിമാവ്യവസായത്തെ പിടിച്ചുനിർത്താൻ സമീപഭാവിയിൽ ഒരു പുതിയ സൂപ്പർതാരത്തിന്റെ ഉദയം അനിവാര്യമാണ്.