ചെന്നൈ : അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ദീർഘദൂര ബസ് സർവീസുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
നിലവിൽ സംസ്ഥാന സർക്കാർ പിഴമാത്രമാണ് ചുമത്തുന്നത്. പിഴയടച്ച ശേഷം ബസുകൾ സർവീസ് തുടരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്വകാര്യ ദീർഘദൂര ബസുകളിൽ വേനലവധിക്കാലങ്ങളിലും ഉത്സവകാലങ്ങളിലും തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു.
ഇത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് വകുപ്പ് കമ്മിഷണർ വിശദീകരണം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വർഷങ്ങളായി സ്വകാര്യബസുകൾ അമിത നിരക്ക് ഈടാക്കുന്നത് തുടരുന്നു. ഈ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം.
സ്വകാര്യ ബസുകൾക്ക് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാ നിരക്കും സംസ്ഥാന സർക്കാർ നിശ്ചയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജിയിൽ കൂടുതൽ വാദംകേൾക്കാനായി അടുത്തമാസം ആറിലേക്ക് മാറ്റി.