ചെന്നൈ : നഗരത്തിലെ പൊതു ഇടങ്ങളിൽ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി വെള്ളിയാഴ്ച നിലവിൽവന്നു.
വിവരസാങ്കേതികവിദ്യാ സമ്മേളനമായ ‘ഉമാജിൻ ടി.എൻ. 2024’-ൽവെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം നിർവഹിച്ചു.
രാജ്യത്തെ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കളായ ആട്രിയ ഫൈബർനെറ്റ് (എ.ടി.സി) ആണ് പദ്ധതി നടപ്പാക്കുന്നത്.
തുടക്കത്തിൽ മറീന ബീച്ച്, ബസന്റ് നഗർ ബീച്ച്, ബസ് സ്റ്റോപ്പുകൾ, കോർപ്പറേഷൻ പാർക്കുകൾ എന്നിവിടങ്ങൾ ഉൾപ്പെടെ 500 കേന്ദ്രങ്ങളിലാണ് വൈ-ഫൈ ലഭ്യമാവുക. പിന്നീടിത് 3000 കേന്ദ്രങ്ങളായി വ്യാപിപ്പിക്കും.
എ.സി.ടി. വരിക്കാർക്കും വരിക്കാർ അല്ലാത്തവർക്കും പദ്ധതി ഉപയോഗപ്പെടുത്താം.
വരിക്കാർ അല്ലാത്തവർക്ക് ആദ്യത്തെ 45 മിനിറ്റുനേരം സൗജന്യമായി വൈ-ഫൈ ഉപയോഗിക്കാം.
20 എം.ബി.പി.എസ്. ആയിരിക്കും സ്പീഡ്. എ.സി.ടി. വരിക്കാർക്ക് അവരവരുടെ പദ്ധതിയിലെ സ്പീഡ് അനുസരിച്ച് വൈ-ഫൈ ഉപയോഗിക്കാം.
തമിഴ്‌നാടിന്റെ ഡിജിറ്റൽ ശാക്തീകരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അതിന്റെഭാഗമാണ് നഗരത്തിൽ വൈ-ഫൈ കണക്ടിവിറ്റി ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
ചെന്നൈക്കുപുറമേ കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം നഗരങ്ങളിലും പൊതു ഇടങ്ങളിൽ വൈ-ഫൈ ഏർപ്പെടുത്തുമെന്ന് സംസ്ഥാനബജറ്റിൽ പറഞ്ഞിരുന്നു.
ഡിജിറ്റൽവിടവ് ഇല്ലാതാക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് നഗരപ്രദേശങ്ങളിൽ വൈ-ഫൈ ഏർപ്പെടുത്തുന്നതെന്ന് എ.സി.ടി. ഫൈബർനെറ്റ് സി.ഇ.ഒ. ബാല മല്ലാഡി പറഞ്ഞു.