ചെന്നൈ: അഴിമതി കേസില്‍ തമിഴ്‌നാട് മന്ത്രി ഐ പെരിയസാമിക്ക് തിരിച്ചടി. പെരിയസാമിയെ കുറ്റവിമുക്തനാക്കിയത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
മന്ത്രി വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മന്ത്രി പെരിയസാമിയെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്. ദിനംപ്രതി വിചാരണ നടത്താനും മാര്‍ച്ച് 31 നകം വിചാരണ പൂര്‍ത്തിയാക്കാനും കോടതി ഉത്തരവിട്ടു.
2006 മുതല്‍ 2011 വരെയുള്ള ഡിഎംകെ ഭരണകാലത്ത് പെരിയസാമി ഭവനനിര്‍മാണ മന്ത്രിയായിരുന്നു.
അന്തരിച്ച മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് 2008ല്‍ മന്ത്രി ഐ.പെരിയസാമി അധികാരം ദുര്‍വിനിയോഗം ചെയ്ത് ഹൗസിംഗ് ബോര്‍ഡിന്റെ വീട് അനുവദിച്ചുവെന്നാണ് കേസ്.
2012 ല്‍ എഐഎഡിഎംകെ സര്‍ക്കാര്‍ വിജിലന്‍സ് കേസെടുത്ത് മന്ത്രിക്കെതിരെ അന്വേഷണം നടത്തി.
എന്നാല്‍ 2013 മാര്‍ച്ചില്‍ ചെന്നൈ എംപി- എംഎല്‍എ കോടതി, തെളിവില്ലെന്ന് കണ്ടെത്തി പെരിയസാമിയെ കേസില്‍ നിന്നും കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വിചാരണ നീട്ടുന്നതിനായി പ്രതികള്‍ എന്തെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍, പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിചാരണ നടപടികളുടെ പുരോഗതി റിപ്പോര്‍ട്ട് വിചാരണ കോടതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
മന്ത്രി ജനങ്ങള്‍ക്കിടയില്‍ ശുദ്ധനായിരിക്കണമെന്നും, അധികാരത്തിൽ ഇരിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്നും വിധി പ്രസ്താവിക്കവെ, ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് അഭിപ്രായപ്പെട്ടു.
എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരിലൊരാളാണ് നിലവില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായ ഐ പെരിയസാമി.