ചെന്നൈ : എഗ്മോറിലെ ഗവൺമെൻ്റ് മ്യൂസിയത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ദശാബ്ദത്തിലേറെയായി പുനരുദ്ധാരണത്തിനായി അടച്ചിട്ടിരുന്ന നാഷണൽ ആർട്ട് ഗാലറി (NAG)-ലേക്ക് പോകാൻ ധാരാളം സന്ദർശകർ ഒഴുകിയെത്തുകയാണ്.
ശനിയാഴ്ച മാത്രം 1900 വിദ്യാർത്ഥികളും 110 വിദേശികളും മ്യൂസിയം സന്ദർശിച്ചതായി മ്യൂസിയം കമ്മീഷണർ പറഞ്ഞു. “ 1906 ജനുവരി 24-ന് വെയിൽസ് രാജകുമാരൻ ജോർജ്ജ് ഫ്രെഡറിക് ഏണസ്റ്റ് ആൽബർട്ട് വിക്ടോറിയ മെമ്മോറിയൽ ഹാളിന് അടിത്തറ പാകിയെന്നും ഇത് പൂർത്തിയാക്കാൻ മൂന്ന് വർഷമെടുത്തുവെന്നും പൊതുമരാമത്ത് വകുപ്പ് വൃത്തങ്ങൾ പറയുന്നു.
രണ്ട് നിലകളുള്ള NAG 1909-ൽ നിർമ്മിച്ച് അന്നത്തെ മദ്രാസ് ഗവർണറായിരുന്ന സർ ആർതർ ലോലിയാണ് ഉദ്ഘാടനം ചെയ്തത്. ഹെൻറി ഇർവിൻ ആയിരുന്നു ആർക്കിടെക്റ്റ്.
മുഗൾ കാലഘട്ടത്തിലെ വാസ്തുവിദ്യയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സങ്കീർണ്ണമായ പാറ്റേണുകൾ കൊത്തിയെടുത്ത പിങ്ക് മണൽക്കല്ലാലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ചലച്ചിത്ര സംവിധായകൻ മണിരത്നം, തിരുടാ തിരുഡാ എന്ന ചിത്രത്തിലെ കൊഞ്ഞം നിലവ് എന്ന പ്രശസ്ത ഗാനം ചിത്രീകരിക്കാൻ തിരഞ്ഞെടുത്തത് എൻഎജിയിൽ വെച്ചായിരുന്നുവെന്ന് ആളുകൾ സൂചിപ്പിച്ചു.