ചെന്നൈ : കേരളത്തിനൊപ്പം തമിഴ്നാട്ടിൽ വിജയകരമായി പ്രദർശനംതുടരുന്ന മഞ്ഞുമ്മൽ ബോയ്സിന്റെ അണിയറ പ്രവർത്തകരെ വരവേറ്റ് കോളിവുഡിലെ പ്രമുഖർ.
നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസൻ, നടനും നിർമാതാവും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, നടൻ ധനുഷ് എന്നിവരാണ് മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം, പ്രധാന വേഷങ്ങൾ അഭിനയിച്ച ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവരുമായി ചെന്നൈയിൽ കൂടിക്കാഴ്ചനടത്തിയത്.
ഒരു സുഹൃത്തുമുഖേന ചിത്രത്തിന്റെ ട്രെയിലർ ചിദംബരം, കമൽഹാസന് അയച്ചിരുന്നു. ഇതുകണ്ട കമൽ പിന്നീട് ചിത്രം മുഴുവനായി കണ്ടു.
തുടർന്നാണ് ‘മഞ്ഞുമ്മൽ ബോയ്സി’നെ കാണാൻ താത്പര്യം പ്രകടിപ്പിച്ചത്. കമൽ നായകനായ ‘ഗുണ’ സിനിമയിലെ ‘കൺമണി അൻപോട്…’ എന്നുതുടങ്ങുന്ന ഗാനം ചിത്രീകരിച്ച ഗുണ ഗുഹയിലെത്തുന്ന സുഹൃത്തുകളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ്.
ചിദംബരവും ടീമുമായി കൂടിക്കാഴ്ച നടത്തുമ്പോൾ കമലിനൊപ്പം ഗുണയുടെ സംവിധായകൻ സന്താനഭാരതിയുമുണ്ടായിരുന്നു.
പിന്നീട് ഉദയനിധിയെയും അദ്ദേഹത്തിന്റെ ഓഫീസിലെത്തി ചിദംബരവും സംഘവും കണ്ടു. ചിത്രം കണ്ടതിനുശേഷം ഉദയനിധി സാമൂഹികമാധ്യമമായ എക്സിൽ മികച്ച അഭിപ്രായം കുറിച്ചിരുന്നു.
വ്യാഴാഴ്ച നടൻ ധനുഷുമായും കൂടിക്കാഴ്ച നടത്തി. നടൻ സൗബിനൊഴികെ ചിത്രത്തിൽ പ്രധാനപങ്കുവഹിച്ച എല്ലാവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു.
തമിഴ് പ്രേക്ഷകരുടെ ഇടയിലും മികച്ച പ്രതികരണമാണ് മഞ്ഞുമ്മൽ ബോയ്സിന് കിട്ടുന്നത്.
തമിഴ്നാട്ടിൽ ചിത്രത്തിന് ഇത്ര സ്വീകരണം ലഭിക്കുമെന്ന് കരുതിയില്ലെന്ന് ചിദംബരം പറഞ്ഞു.