ശാന്തൻ്റെ മൃതദേഹം ശ്രീലങ്കയിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചതായി ഹൈക്കോടതിയെ അറിയിച്ച് തമിഴ്‌നാട് സർക്കാർ

0 0
Read Time:2 Minute, 29 Second

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിച്ച ശാന്തന്റെ മൃതദേഹം സ്വന്തം നാടായ ശ്രീലങ്കയിലെത്തിക്കാൻ തമിഴ്‌നാട് സർക്കാർ സൗകര്യം ചെയ്തുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

മുതിർന്ന ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കാനും കോടതി നിർദേശിച്ചു.

ഇതനുസരിച്ച് ശാന്തൻ്റെ മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് തമിഴ്‌നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ഒന്നരവർഷം മുമ്പ് ജയിൽമോചിതനായ ശാന്തൻ അതിനുശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു.

ഇതിനിടെ കരൾരോഗം വഷളായി ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വ്യാഴാഴ്ച മരിക്കുകയുമായിരുന്നു.

ക്യാമ്പിൽനിന്ന് ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള അനുമതി ശാന്തൻ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ലഭിച്ചിരുന്നു.

എന്നാൽ, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നതിനാൽ പോകാൻ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നതിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ശ്രീലങ്കയിലേക്കു പോകുന്നതിനുവേണ്ടി നേരത്തേ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷൻ അനുമതി നൽകിയാൽ മാത്രമേ ശ്രീലങ്കയിലേക്ക് മൃതദേഹം അയയ്ക്കാൻ സാധിക്കുകയുള്ളൂവെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിനായി നോഡൽ ഓഫീസർമാർ ശ്രീലങ്കൻ അധികൃതരുമായി ആശയവിനിമയം നടത്താൻ കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts