ചെന്നൈ : മാന്നാർ ഉൾക്കടലിൽ പവിഴപ്പുറ്റുകൾക്ക് കടുത്ത ഭീഷണി നേരിടുന്നതായി പഠനം.
2005-ൽ മാന്നാർ ഉൾക്കടലിൽ പവിഴപ്പുറ്റുകളുടെ സാന്നിധ്യം 37 ശതമാനമായിരുന്നു.
ഇത് 2021 ആയപ്പോൾ 27.3 ശതമാനമായി കുറഞ്ഞെന്ന് സുഗന്ധി ദേവദാസൻ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പരിസ്ഥിതി വകുപ്പുകളുമായി സഹകരിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നു.
ആഗോളതാപനം, മത്സ്യസമ്പത്തിലെ കുറവ് എന്നിവയാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് പ്രധാന കാരണം.
ആഗോളതാപനം സമുദ്രജലത്തിന്റെ താപനിലയുയരാൻ കാരണമാകും.
ഇതുമൂലമുണ്ടാകുന്ന രാസവ്യതിയാനം പവിഴപ്പുറ്റുകളിൽ കാര്യമായ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഒടുവിൽ ബ്ലീച്ചിങ്ങിലേക്കോ (നിറവ്യത്യാസം) അല്ലെങ്കിൽ പവിഴപ്പുറ്റുകളുടെ നാശത്തിലേക്കോ നയിക്കുന്നുവെന്നും പഠന റിപ്പോർട്ടിലുണ്ട്.
2004-ലെ സുനാമിക്കുശേഷം മീൻപിടിത്തം നിർത്തിവെച്ചതുമൂലം പവിഴപ്പുറ്റുകൾ കുറച്ചുകാലം ഭീഷണിയിൽ നിന്നൊഴിവായി.
ഇതേത്തുടർന്നാവണം 2009-ൽ 42.9 ശതമാനമായി പവിഴപ്പുറ്റുകളുടെ സാന്നിധ്യം ഉയർന്ന നിലയിലെത്തിയതെന്നും പഠനത്തിലുണ്ട്.
ജലത്തിനടിയിൽ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഒന്നാംസ്ഥാനം പവിഴപ്പുറ്റുകൾക്കാണ്.
മാന്നാർ ഉൾക്കടലിലെ ആഴത്തട്ടിൽ ഇനിയും കണ്ടെത്താനാവാതെ പവിഴപ്പുറ്റുകളുണ്ടെന്നും അന്താരാഷ്ട്ര വിദഗ്ധരുമായി സഹകരിച്ച് അവ സംരക്ഷിച്ചാൽ പവിഴപ്പുറ്റുകളുടെ സാന്നിധ്യം വർധിപ്പിക്കാനാവുമെന്നും നിർദേശിക്കുന്നു.
കഴിഞ്ഞവർഷം ട്രാൻസ്‌പ്ലാന്റേഷൻ സാങ്കേതികവിദ്യയിലൂടെ 2575 ചതുരശ്രമീറ്ററിൽ പവിഴപ്പുറ്റുകളുടെ പുനരുദ്ധാരണം നടത്തിയതായി മാന്നാർ ഉൾക്കടൽ ജൈവവൈവിധ്യ സംരക്ഷണവിഭാഗം വൈൽഡ് ലൈഫ് വാർഡൻ ജഗദീഷ് എസ്. ബക്കൻ പറഞ്ഞു.
പുതുതായി ആരംഭിച്ച തമിഴ്നാട് തീരദേശ പുനരുദ്ധാരണ ദൗത്യത്തിൽ മാന്നാർ ഉൾക്കടലിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തമിഴ്‌നാട് പരിസ്ഥിതി, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു.
ആഗോളതാപനത്തിൽ നിന്ന് അവയെ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും സുപ്രിയ സാഹു വ്യക്തമാക്കി.