ഈസ്റ്റർ, വിഷു അവധിക്കാല യാത്ര; കാർപൂളിങ്ങിന് യാത്രാപങ്കാളികളെ തേടി ചെന്നൈ മലയാളികൾ

1 0
Read Time:3 Minute, 40 Second

ചെന്നൈ : ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്കൊപ്പം മധ്യവേനലവധിയും എത്തുമ്പോൾ ചെന്നൈമലയാളികൾ കാർപൂളിങ്ങിന് യാത്രാപങ്കാളികളെ തേടുന്നു.

കാറിൽ ഇന്ധനച്ചെലവ് പങ്കിട്ട് നാട്ടിലേക്കുപോകുന്നതിനായി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ മുഖേന പലരും ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു.

ഡ്രൈവിങ് അറിയാവുന്നവരെയാണ് കാർപൂളിങ്ങിനായി ക്ഷണിക്കുന്നത്. ദീർഘയാത്രയായതിനാൽ ഇന്ധനച്ചെലവ് പങ്കിടുന്നതിനൊപ്പം െെഡ്രവിങ്ങും പങ്കിടാമെന്നതാണ് ഇതിന്റെ പ്രയോജനം.

ഉത്സവകാലത്ത് സ്വകാര്യബസുകളിൽ യാത്രചെയ്യുന്നതിനെക്കാൾ ലാഭമാണ് കാർപൂളിങ്.

ചെന്നൈയിൽനിന്ന് കൊച്ചിവരെ 700 കിലോമീറ്ററോളം ദൂരമുണ്ട്.

ശരാശരി 15 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന കാറിൽ യാത്രചെയ്താൽ ഇന്ധനച്ചെലവ് 5000 രൂപയോളമായിരിക്കും.

നാലുപേർ യാത്രചെയ്താൽ ഒരാൾക്ക് 1250 രൂപയാകും ചെലവ്.

ഇതേസമയം തിരക്കേറുമ്പോൾ സ്വകാര്യബസുകളിൽ 3500-4000 രൂപവരെ ഈടാക്കും.

തീവണ്ടികളിൽ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടായതും ബസുകളിലെ അമിതനിരക്കുമാണ് കാർ പൂളിങ്ങിനെ ആശ്രയിക്കാൻ കാരണം.

ചെറിയ കുടുംബങ്ങളാണ് കൂടുതലും ഇതിന് തയ്യാറാകുന്നത്. അവിവാഹിതരായ ചെറുപ്പക്കാരും കാർപൂളിങ് യാത്ര സ്ഥിരമാക്കിയിട്ടുണ്ട്.

മുമ്പും ഉത്സവകാലങ്ങളിൽ ഇത്തരത്തിൽ യാത്രനടത്താറുണ്ടായിരുന്നു. എന്നാൽ, കൂടുതൽ സജീവമായത് കോവിഡ്കാലത്തോടെയാണ്.

ചെറിയകുട്ടികളുള്ള രണ്ട് കുടുംബങ്ങൾ ഒരു കാറിൽ ചെന്നൈയിൽനിന്ന് നാട്ടിലേക്ക് പോകുന്നുണ്ട്. ഉത്സവകാലത്ത് തീവണ്ടികളിൽ മൂന്നുമാസംമുമ്പുതന്നെ സാധാരണ ടിക്കറ്റ് റിസർവേഷൻ തീരും.

തത്കാൽ റിസർവേഷനിൽ വളരെക്കുറച്ച് ടിക്കറ്റ് മാത്രമാണ് ലഭിക്കുക. ഇതിൽത്തന്നെ പകുതി ടിക്കറ്റുകൾ കൂടിയനിരക്ക് ഈടാക്കുന്ന പ്രീമിയം തത്കാൽ ടിക്കറ്റുകളാണ്. സ്വകാര്യബസുകളിലാകട്ടെ വൻനിരക്കാണ് ഈടാക്കുന്നത്.

തീവണ്ടി, ബസ് സർവീസുകൾ കൂടുതലും രാത്രിയിലാണ് നടത്തുന്നത്. എന്നാൽ, കാർപൂളിങ് നടത്തുന്നവർ കൂടുതലായും പകൽസമയത്താണ് യാത്രചെയ്യുക.

സുരക്ഷതന്നെയാണ് കാരണം. പകൽ യാത്രചെയ്യേണ്ടിവരുന്നതിനാൽ തീവണ്ടി, ബസ് യാത്രയെ അപേക്ഷിച്ച് ഒരുദിവസം നഷ്ടമാകുമെന്നതാണ് കാർപൂളിങ്ങിന്റെ പ്രധാനന്യൂനത.

എന്നാൽ, ഇപ്പോൾ പലരും ഒരു ഉല്ലാസയാത്രപോലെ കാർപൂളിങ്ങിനെ കാണാൻതുടങ്ങിയിട്ടുണ്ട്.

ഈസ്റ്റർ, വിഷു യാത്രയ്ക്ക് തീവണ്ടികളിൽ ടിക്കറ്റ് കിട്ടാതെ വന്നതോടെ ഇപ്പോൾ കാർപൂളിങ് ചർച്ചകൾ സജീവമായിരിക്കുകയാണ്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts