പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍.
മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്റയാണ് ബിജെപിക്കായി ചരട് വലിച്ചത്.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റ.
അന്ന് മുതല്‍ കുടുംബവുമായും പത്മജയുമായും ബെഹ്റയ്ക്ക് നല്ല ബന്ധമുണ്ട്.
നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിൻ്റെ പകയാണ് ബിജെപിക്ക് തന്നോടെന്നും ആ കണക്ക് തീർക്കാനാണ് പത്മജയെ പാർട്ടി പാളയത്തിലെത്തിച്ചത് വഴി തീർക്കാൻ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു.
ഇനി ഒരു തരത്തിലുള്ള ബന്ധവും അവരുമായില്ല. പ്രോത്സാഹിക്കാനും ചിരിക്കാനും ആൾക്കാരുണ്ടാവും, അവരെയൊക്കെ ഞങ്ങൾക്ക് അറിയാം.
പത്മജയുടെ തീരുമാനം ചതിയാണ്. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്ന ആരോപണം ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണനയാണ് പത്മജയ്ക്ക് കൊടുത്തത്.
പത്മജയെ എടുത്തത് കൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ല.
പാര്‍ട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച പതാകയുണ്ടെന്ന കാര്യം ഓര്‍ക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.