ചെന്നൈ : സർക്കാർവകുപ്പുകളുടെ കൂട്ടായപ്രവർത്തനത്തിലൂടെ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ തടഞ്ഞത് 7400-ലധികം ബാലവിവാഹം.
2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ മൊത്തം 10,686 ശൈശവവിവാഹങ്ങളാണ് റിപ്പോർട്ടുചെയ്തത്.
ഇതിൽ 7486 വിവാഹങ്ങൾ തടയാൻ അധികൃതർക്ക് കഴിഞ്ഞതായി സർക്കാർ അറിയിച്ചു.
സാമൂഹികക്ഷേമവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ റവന്യു, പോലീസ്, വിദ്യാഭ്യാസ വിഭാഗങ്ങളുടെ സമയോചിതമായ കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാലവിവാഹം തടയാനായത്.
ബാലവിവാഹങ്ങൾ നടത്തിക്കൊടുക്കരുതെന്ന് ക്ഷേത്രപൂജാരിമാർക്ക് പ്രത്യേക നിർദേശം നൽകുന്നുണ്ട്. വിവാഹമണ്ഡപങ്ങളുടെ ഉടമകൾക്കും സമാനമായ അറിയിപ്പുനൽകി.
നിയമം ലംഘിച്ചാൽ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുനൽകി. സംസ്ഥാനത്തെ സ്കൂളുകളിൽ ഇതേക്കുറിച്ച് അവബോധമുണ്ടാക്കി.
ചെറുപ്പത്തിലേ വിവാഹിതരായാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
2022-ൽ സർക്കാർ ആരംഭിച്ച ‘പുതുമൈ പെൺ തിട്ടം’ ബാലവിവാഹങ്ങൾ കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി.
ബാലവിവാഹം കുറച്ചുകൊണ്ടുവരാനായതുമൂലം പഠനത്തിനെത്തുന്ന പെൺകുട്ടികളുടെ എണ്ണംവർധിച്ചതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
സംസ്ഥാന സാമൂഹികക്ഷേമവകുപ്പിന്റെ കണക്കുകൾപ്രകാരം 2008 മുതൽ 2017 വരെ സംസ്ഥാനത്ത് 6661 ബാലവിവാഹക്കേസുകളാണ് റിപ്പോർട്ടുചെയ്തത്. ഇതിൽ 6658 വിവാഹങ്ങൾ തടയാൻ സാധിച്ചു.
കുടുംബത്തിലെ ദാരിദ്ര്യവും സാമ്പത്തികപ്രയാസങ്ങളുമാണ് പെൺകുട്ടികളെ നേരത്തേത്തന്നെ വിവാഹം കഴിച്ചയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.