ചെന്നൈ : തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽ ജനിച്ചവർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
അഭിഭാഷകനായ വി. രവികുമാർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
മാതാപിതാക്കൾ ഇന്ത്യൻ പൗരരാണെങ്കിൽ മാത്രമാണ് ജനനത്തിലൂടെ പൗരത്വം ലഭിക്കുകയുള്ളൂവെന്ന് നേരത്തേ ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചിരുന്നു.
എന്നാൽ, ഇതിനെ എതിർത്താണ് രവികുമാർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
പൗരത്വം വേണ്ടവരുടെ വിശദവിവരങ്ങളില്ലാതെ അഭയാർഥിക്യാമ്പിൽ ജനിച്ച എല്ലാവർക്കും പൗരത്വം നൽകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജനനത്തീയതി, മാതാപിതാക്കളുടെ പൗരത്വം, ജനിച്ച സ്ഥലം തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ നൽകിയാൽ ആവശ്യം അധികൃതർ പരിഗണിച്ചേക്കാമെന്നും ചീഫ് ജസ്റ്റിസ് വി. ഗംഗപർവാല, ജസ്റ്റിസ് ഡി. ഭാരതചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ആഭ്യന്തരയുദ്ധകാലത്തടക്കം ശ്രീലങ്ക വിട്ടെത്തിയ തമിഴ് വംശജരായ ഒട്ടേറെപ്പേർ തമിഴ്നാട്ടിലെ അഭയാർഥിക്യാമ്പുകളിൽ കഴിയുന്നുണ്ട്.
ഇന്ത്യൻ പൗരത്വമില്ലെങ്കിലും ഇവർക്കുവേണ്ടി തമിഴ്നാട് സർക്കാർ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്.
പുതിയ പൗരത്വനിയമ ഭേദഗതിയിൽ ശ്രീലങ്കൻ അഭയാർഥികളെ ഉൾപ്പെടുത്താത്തതിൽ ഡി.എം.കെ. അടക്കം പാർട്ടികൾ പ്രതിഷേധിച്ചിട്ടുണ്ട്.