പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതി; തമിഴ്നാട് മന്ത്രിയുടെ പേരിൽ കേസെടുത്ത് ഡൽഹി പോലീസ്

0 0
Read Time:3 Minute, 10 Second

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ വധഭീഷണി ഉയർത്തിയെന്ന പരാതിയിൽ തമിഴ്നാട് ഗ്രാമീണ വ്യവസായമന്ത്രി ടി.എം. അൻപരശന്റെ പേരിൽ ഡൽഹി പോലീസ് കേസെടുത്തു.

ചെന്നൈയിലെ പമ്മലിൽ എട്ടിന് നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പരസ്യമായി ഭീഷണി മുഴക്കിയെന്നാണ് പരാതി.

പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

താൻ മന്ത്രിയായതിനാൽ സൗമ്യമായി സംസാരിക്കുന്നുവെന്നും മന്ത്രിയായിരുന്നില്ലെങ്കിൽ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്നുമായിരുന്നു മന്ത്രി പരാമർശിച്ചത്.

പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ഉയർത്തിയ ഡി.എം.കെ.യുടെ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സത്യരഞ്ജൻ സ്വെയിൻ ആണ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസിൽ പരാതി നൽകിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കാനും രാജ്യത്തെ സമാധാനവും സുസ്ഥിരതയും തകർക്കാനും മന്ത്രി ബോധപൂർവം ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

1991 മേയ് 21-ന് തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് തിരഞ്ഞെടുപ്പ് സമയത്തായിരുന്നു.

അന്ന് അധികാരത്തിലുണ്ടായിരുന്നത് ഡി.എം.കെ. സർക്കാരാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മന്ത്രിക്കും പ്രസംഗം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരുടെ പേരിലും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വിദ്വേഷപ്രസംഗത്തിലൂടെ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നതുൾപ്പെടെ നാലു വകുപ്പുകൾ പ്രകാരമാണ് മന്ത്രിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.

മന്ത്രിയുടെ പരാമർശത്തിനെതിരേ ബി.ജെ.പി. രംഗത്തെത്തി. പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയ അൻപരശനെ പുറത്താക്കണമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു.

ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം, അഴിമതി, മയക്കുമരുന്ന് കച്ചവടക്കാരുമായുള്ള ബന്ധം, ദുർഭരണം തുടങ്ങിയവമൂലം ഡി.എം.കെ. ഉടൻ തന്നെ രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്നും അണ്ണാമലൈ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts