ചെന്നൈ : ദ്രാവിഡ പാർട്ടിയായ ഡി.എം.കെ. തമിഴ്നാടിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ശത്രുവാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
വെള്ളിയാഴ്ച കന്യാകുമാരിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തപ്പോഴാണ് അദ്ദേഹം ഡി.എം.കെ.യ്ക്കെതിരെ ആഞ്ഞടിച്ചത്.
‘ഡി.എം.കെ.യ്ക്ക് രാജ്യത്തോടും സംസ്കാരത്തോടും പൈതൃകത്തോടും വെറുപ്പാണ്.
തമിഴ്നാടിന്റെ ശത്രുവാണ് ഡി.എം.കെ. അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനുമുമ്പ് തമിഴ്നാട്ടിലെ പ്രമുഖക്ഷേത്രങ്ങൾ താൻ സന്ദർശിച്ചു.
എന്നാൽ, ഡി.എം.കെ. അയോധ്യ ക്ഷേത്രത്തിലെ ചടങ്ങുകളുടെ സംപ്രേഷണം തമിഴ്‌നാട്ടിൽ നിരോധിച്ചു.
വിഷയത്തിൽ സുപ്രീം കോടതിക്ക് തമിഴ്നാട് സർക്കാരിനെ ശാസിക്കേണ്ടി വന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ തമിഴ്‌നാട്ടിൽനിന്നുമാണ്. എന്നാൽ, അതും ഡി.എം.കെ.യ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.
ജല്ലിക്കെട്ടിന് വഴിയൊരുക്കിയത് ബി.ജെ.പി. സർക്കാരാണ്.
അതും ഡി.എം.കെ. മറന്നു. തമിഴ് സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിക്കുന്നത് ആരാണെന്ന് ഇതിലൂടെ വ്യക്തമാകുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ പ്രകടനം ഡിഎംകെ.-കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന്റെ അഹങ്കാരം ശമിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
ബി.ജെ.പി.ക്ക് ജനങ്ങൾക്കുമുന്നിൽ നിരത്താൻ വികസനങ്ങളുടെ പട്ടികയുണ്ട്. എന്നാൽ, പ്രതിപക്ഷ കൂട്ടായ്മയിൽ അഴിമതികളുടെ പട്ടിക മാത്രമാണുള്ളത്.
ഡി.എം.കെ.യും കോൺഗ്രസും സ്ത്രീവിരുദ്ധരാണ്. അവർ സ്ത്രീകളെ കബളിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തമിഴ്നാടിന്റെ വികസനത്തിന്റെ ഭാഗമായി റെയിൽവേയുടെയും ദേശീയ പാതകളുടെയും മെച്ചപ്പെടുത്തൽ നടത്തുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ ഏകദേശം 50,000 കോടി രൂപയുടെ ഹൈവേ പദ്ധതികൾ തമിഴ്നാട്ടിൽ പൂർത്തീകരിച്ചു.
കൂടാതെ, 70,000 കോടിയുടെ പദ്ധതികൾ ഇപ്പോഴും തുടരുകയാണ് എന്നും മോദി പറഞ്ഞു.
കന്യാകുമാരി ജില്ലയ്ക്കായി കേന്ദ്രസർക്കാർ ഒട്ടേറെ പദ്ധതികൾ അതിവേഗം നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.