കോയമ്പത്തൂർ : കൊങ്കുനാട്ടിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യംവെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തന്നെ ബി.ജെ.പി. കളത്തിലിറക്കിയത്.
ഫെബ്രുവരി 27-ന് പല്ലടത്ത് കൂറ്റൻറാലി സംഘടിപ്പിച്ചു രണ്ടാഴ്ച കഴിയുംമുമ്പ് കോയമ്പത്തൂരിൽ റോഡ് ഷോ പ്രഖ്യാപിച്ചതും അതിനുമാത്രമായിരുന്നു.
പക്ഷെ, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതോടെ ഡി.എം.കെ.യും ബി.ജെ.പി.യും തമ്മിലുള്ള രാഷ്ട്രീയപ്പോര് തീവ്രമായി.
രാജ്യത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കുന്നത്.
വിഷയം രാജ്യാന്തരതലത്തിൽപോലും വാർത്തയായതോടെ ബി.ജെ.പി.യ്ക്കിത് അഭിമാനപ്രശ്നമായി മാറി. റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനുപിന്നിൽ ഡി.എം.കെ.യുടെ രാഷ്ട്രീയക്കളിയാണെന്ന ആരോപണവും ഉയർന്നു.
ഇതോടെ ബി.ജെ.പി. ജില്ലാ നേതൃത്വം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി, റോഡ് ഷോയ്ക്ക് അനുമതി നൽകുകയും ചെയ്തത് ഡി.എം.കെ.യ്ക്കു വലിയ തിരിച്ചടിയായി.
ഉപാധികളോടെ അനുവദിച്ച റോഡ് ഷോ വൻവിജയമാക്കി ഡി.എം.കെ.യ്ക്കു തിരിച്ചടി നൽകുന്നതിനു സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ തന്നെ രംഗത്തിറങ്ങുകയായിരുന്നു.
കോയമ്പത്തൂർ, തിരുപ്പൂർ, പൊള്ളാച്ചി, നീലഗിരി, ഈറോഡ് തുടങ്ങി അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ തിങ്കളാഴ്ച ഉച്ചമുതൽ കോയമ്പത്തൂർ നഗരത്തിലെത്തിയിരുന്നു.
താമര തുന്നിച്ചേർത്ത കാവി ഷാളണിഞ്ഞ് ആയിരക്കണക്കിനു പ്രവർത്തകർ നാലുമണിയോടെ റോഡ് ഷോ നടക്കുന്ന റോഡിലെത്തി.