ചെന്നൈ : അണ്ണാ ഡി.എം.കെ.യുടെ ചിഹ്നവും കൊടിയും ഒ. പനീർശെൽവം(ഒ.പി.എസ്.) പക്ഷം ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി.
അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സതീഷ്‌കുമാർ, പാർട്ടി കോ-ഓർഡിനേറ്ററെന്ന് ഒ.പി.എസ്. അവകാശപ്പെടുന്നതും നിരോധിച്ചു.
മുമ്പ് ഇതേ ഹർജിയിൽ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ സ്ഥിരമായി വിലക്കി ഹർജി തീർപ്പാക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അണ്ണാ ഡി.എം.കെ.യുടെ രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒ.പി.എസ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയ പളനിസ്വാമി പക്ഷം പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട പനീർശെൽവം പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിക്കുന്നെന്ന് കോടതിയിൽ ആരോപിച്ചു.
പാർട്ടി കോ-ഓർഡിനേറ്ററെന്ന് അവകാശപ്പെടുന്നതിൽനിന്ന് ഒ.പി.എസിനെ വിലക്കിയ കോടതി പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ പാടില്ലെന്നും ഉത്തരവിട്ടു.
അണ്ണാ ഡി.എം.കെ.യുടെ മേലുള്ള അവകാശവാദം പൊളിഞ്ഞതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒ.പി.എസ്. പക്ഷം സ്ഥാനാർഥികൾ ബി.ജെ.പി.യുടെ താമരചിഹ്നത്തിൽ മത്സരിക്കാനാണ് സാധ്യത.
സഖ്യത്തിൽ നാല് സീറ്റുകൾ അനുവദിക്കാമെന്നാണ് ബി.ജെ.പി.യുടെ വാഗ്ദാനം. ഇതിൽ താമരചിഹ്നത്തിൽ മത്സരിക്കാൻ നിർദേശിച്ചിരുന്നെങ്കിലും ഒ.പി.എസ്.
ഇതിന് തയ്യാറല്ലായിരുന്നു. രണ്ടില ചിഹ്നം ലഭിക്കാനുള്ള സാധ്യത അടഞ്ഞതോടെ ബി.ജെ.പി.യുടെ സമ്മർദത്തിന് വഴങ്ങേണ്ട സ്ഥിതിയാണ്.