ചെന്നൈ : രണ്ടുലോറികളിലായി 45 മാടുകളെ കുത്തിനിറച്ച് അനധികൃതമായി കേരളത്തിലേക്കു കടത്തുകയായിരുന്ന സംഘത്തെ അറസ്റ്റ് ചെയ്തു.
ചെന്നൈയ്ക്കടുത്ത് ചെങ്കൽപ്പെട്ടിൽവെച്ചാണ് അന്തസ്സംസ്ഥാനസംഘം പിടയിലായത്. മൃഗാവകാശ പ്രവർത്തകൻ സായ് വിഘ്‌നേഷ് വിവരം നൽകിയതിനെത്തുടർന്നാണ് പോലീസ് പിടികൂടിയത്.
ലോറിയിൽ വൃക്ഷത്തെകളും വളവും ആണെന്നാണ് സംഘം പോലീസിനോടു പറഞ്ഞത്. നിർബന്ധിച്ചപ്പോൾ അവർ ലോറിയുടെ പിൻഭാഗം തുറന്നു.
മാടുകളെ കുത്തിനിറച്ച നിലയിലായിരുന്നുവെന്നും ചിലതിന്റെ കണ്ണുകളിൽ മുളക് അരച്ചുതേച്ചിട്ടുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
നാലുപേരാണ് അറസ്റ്റിലായത്. ഇവരെക്കുറിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്തുവിട്ടില്ല.
രണ്ടു ലോറികളിൽനിന്ന് ചാണകം റോഡിലേക്കുപതിക്കുന്നതകണ്ട് സംശയംതോന്നിയാണ് താൻ പോലീസിൽ വിവരം അറിയിച്ചതെന്ന് സായ് വിഘ്‌നേഷ് പറഞ്ഞു. തുടർന്ന് ചെങ്കൽപ്പെട്ട് ചെക്പോസ്റ്റിൽ പോലീസ് വാഹനങ്ങൾ തടയുകയായിരുന്നു.