ചെന്നൈ : മാതാപിതാക്കളുടെ മരണത്തോടെ അനാഥനായ മൂന്നരവയസ്സുകാരൻ വിസൃത് രണ്ടുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യു.എസിൽനിന്ന് നാട്ടിൽ തിരിച്ചെത്തി.
മാതൃസഹോദരി അഭിനയയുടെ നേതൃത്വത്തിലാണ് കുട്ടിയെ നാട്ടിലെത്തിക്കാൻ നിയമവഴിതേടിയത്. വിസൃതിന് ഒന്നരവയസ്സുള്ളപ്പോഴായിരുന്നു.
യു.എസിലെ മിസിസിപ്പിയിൽ ഐ.ടി. ജീവനക്കാരായിരുന്ന തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കൾ തമിഴ്‌സെൽവിയും പ്രവീണും കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജീവനൊടുക്കിയത്.
അയൽക്കാരന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ പിന്നീട് പഞ്ചാബ് സ്വദേശികളായ ദമ്പതിമാർ ദത്തെടുത്തിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടത്തിയശ്രമങ്ങൾ വിജയം കണ്ടതോടെ കഴിഞ്ഞദിവസം കുട്ടിയുമായി അഭിനയയും അമ്മ സാവിത്രി മുരുകനും ചെന്നൈയിലെത്തി.
പിന്നീട് സ്വന്തംസ്ഥലമായ തിരുച്ചിറപ്പള്ളിയിലേക്ക് പോയി.
2022 മേയിലാണ് പ്രവീണും തമിഴ്‌സെൽവിയും ആത്മഹത്യചെയ്തത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും ഇതിനകം യു.എസ്. പൗരനായ കുട്ടിയെ കൊണ്ടുവരാൻ സാധിച്ചില്ല.
തമിഴ് സെൽവിയുടെയും പ്രവീണിന്റെയും അടുത്തബന്ധുക്കളിൽ ആർക്കും പാസ്പോർട്ട് പോലുമുണ്ടായിരുന്നില്ല.
കുട്ടിയെ വിട്ടുകിട്ടാനായി അഭിനയ പാസ്പോർട്ടും വിസയും നേടി രണ്ടുവർഷംമുമ്പാണ് യു.എസിലേക്ക് പോയത്.
കോയമ്പത്തൂർ സ്വദേശികളായ ഡോ. സ്വാമിക്കും ഭാര്യ കലയ്ക്കും ഒപ്പമായിരുന്നു യു.എസിൽ അഭിനയ താമസിച്ചിരുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകളെത്തുടർന്നാണ് രണ്ടുവർഷം തുടരാൻ വിസ ലഭിച്ചത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മിസിസിപ്പിയിലെ കോടതി വിസൃതിനെ അമ്മയുടെ കുടുംബത്തിനൊപ്പം അയക്കാൻ തീരുമാനിക്കുകയായിരുന്നു.