ചെന്നൈ : രാജീവ്ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മൂന്നുപേരെ ശ്രീലങ്കയിലേക്ക് തിരിച്ചയച്ചു.
മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെയാണ് അവരുടെ നാട്ടിലേക്ക് വിട്ടത്.
2022 നവംബറിൽ ജയിൽമോചിതരായ ഇവരെ തിരുച്ചിറപ്പള്ളിയിലുള്ള പ്രത്യേക ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
കനത്തസുരക്ഷയിൽ ചൊവ്വാഴ്ച രാത്രിയിൽ തിരുച്ചിറപ്പള്ളിയിൽനിന്ന് ചെന്നൈയിലെത്തിച്ച ഇവരെ ബുധനാഴ്ച രാവിലെ പത്തോടെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിലേക്കയക്കുകയായിരുന്നു
രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായ ഏഴുപേർക്ക് ആദ്യം വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. പിന്നീടത് ജീവപര്യന്തമായി കുറച്ചു.
പേരറിവാളനെ 2022 മേയിലും മറ്റ് ആറുപേരെ നവംബർ 12-നും സുപ്രീംകോടതി വിധിപ്രകാരം ജയിൽനിന്ന് മോചിപ്പിച്ചു.
തമിഴ്‌നാട് സ്വദേശികളായ പേരറിവാളൻ, മുരുകന്റെ ഭാര്യ നളിനി, രവിചന്ദ്രൻ എന്നിവരെ വിട്ടയച്ചെങ്കിലും ശ്രീലങ്കൻ പൗരന്മാരായ ശാന്തൻ, റോബർട്ട് പയസ്, മുരുകൻ, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
ശാന്തന് മാത്രമായിരുന്നു സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ താത്പര്യമുണ്ടായിരുന്നത്.
എന്നാൽ, ഇതിന് അനുമതി ലഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ ശാന്തൻ മരിക്കുകയും മൃതദേഹം ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
മുരുകന് യു.കെ.യിലുള്ള മകളുടെ അടുത്തേക്കും റോബർട്ട് പയസിന് സ്വിറ്റ്‌സർലൻഡിലുള്ള ബന്ധുക്കളുടെ അടുത്തേക്കും ജയകുമാറിന് ജർമനിയിലോ സ്വിറ്റ്‌സർലൻഡിലോ പോകുന്നതുമായിരുന്നു താത്പര്യം.
എന്നാൽ ഇവരുടെ സ്വന്തം നാട്ടിലേക്ക് അയക്കാനേ കഴിയൂവെന്ന് കേന്ദ്രസർക്കാർ നിലപാടെടുക്കുകയായിരുന്നു.
ശ്രീലങ്കൻ സർക്കാർ യാത്രാരേഖകൾ നൽകിയതോടെയാണ് ഇവരെ തിരിച്ചയച്ചത്.