ഊട്ടി : ഊട്ടിയിലെ ഗ്രീഷ്മകാല സീസണിന്റെ വരവറിയിച്ചുള്ള കുതിരപ്പന്തയം ശനിയാഴ്ച തുടങ്ങും.
മദ്രാസ് റെയ്സ് ക്ലബ്ബിന്റെ കീഴിലാണ് മത്സരം. ഏപ്രിൽ ആറുമുതൽ ജൂൺ രണ്ടുവരെ എല്ലാ ശനി, ഞായർ ദിവസങ്ങളിലും മത്സരം നടക്കും. 17 ദിവസങ്ങളിലായി 120 പന്തയങ്ങളാണുണ്ടാവുക.
മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിൽ നിന്നുമായി അഞ്ഞൂറോളം കുതിരകളെ ഊട്ടിയിൽ എത്തിച്ചു. ഇവയ്ക്ക് ഇപ്പോൾ പരിശീലനം നൽകുകയാണ്. 16 പരിശീലകരും 25 ജോക്കികളും മത്സരത്തിന്റെ ഭാഗമായി ഉണ്ടാകും.
120 മത്സരങ്ങളിലുമായി 4.47 കോടി രൂപയാണ് സമ്മാനത്തുകയായി നൽകുക. നീലഗിരി ഡെർബി മേയ് 12-നാണ്. 50 ലക്ഷം രൂപയാണ് സമ്മാനത്തുക.
രാവിലെ 10.30 ന് ആദ്യമത്സരം തുടങ്ങും. ഉച്ചവരെ അരമണിക്കൂർ ഇടവിട്ട് വിവിധ മത്സരങ്ങൾ നടക്കും.
ഓരോ മത്സരത്തിലും ഓടിത്തീർക്കാനുള്ള ദൂരപരിധി, കുതിര, ജോക്കി എന്നിവ വേറെ വേറെ ആയിരിക്കും.
പന്തയം നടത്താൻ ഊട്ടി റെയ്സ് കോഴ്സിൽ പത്തോളം സ്റ്റാളുകൾ പ്രവർത്തിക്കും. കുതിരകളുടെ വിജയസാധ്യത അനുസരിച്ചായിരിക്കും പന്തയത്തിൽ വില നിർണയിക്കുക.
വിജയസാധ്യതയുള്ള കുതിരകൾ ‘ഫേവറേറ്റ്’ എന്ന് അറിയപ്പെടും.