ചെന്നൈ : കത്തിരിമാസം എത്തുന്നതിന് മുമ്പ് തന്നെ തമിഴ്‌നാട്ടിൽ താപനില കുത്തനെ ഉയരുന്നു.
പലജില്ലകളിലും ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ എത്തി. അടുത്തദിവസങ്ങളിൽ ചൂട് വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
ഇത്തവണ ഏപ്രിൽ മുതൽ ജൂൺവരെ കടുത്ത വേനലാണ് പ്രതീക്ഷിക്കുന്നത്.
ചെന്നൈ അടക്കം തീരദേശജില്ലകളിൽ അടുത്ത ഏതാനുംദിവസങ്ങളിൽ രണ്ട് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരും.
കത്തിരിക്കാലം തുടങ്ങുന്ന മേയ് മാസത്തിലാണ് സാധാരണ താപനില 40 ഡിഗ്രിയോട് അടുക്കുന്നത്.
എന്നാൽ ഇത്തവണ ഇതിനകംതന്നെ പലയിടങ്ങളിലും 39-40 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭപ്പെട്ടു.
മധുര, സേലം, ധർമപുരി, തിരുച്ചിറപ്പള്ളി തുടങ്ങിയ ജില്ലകളിലാണ് നിലവിൽ വേനൽ തീവ്രമായിരിക്കുന്നത്.
ചെന്നൈ മീനമ്പാക്കത്ത് ബുധനാഴ്ച 38.2 ഡിഗ്രി സെൽഷ്യസും നുങ്കമ്പാക്കത്ത് 36 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.
വരുംദിവസങ്ങളിൽ കൂടിയതാപനില 40 ഡിഗ്രി കടക്കുമെന്നാണ് കരുതുന്നത്.
വേനൽ കടുക്കുന്നതിനാൽ സൂര്യതാപമടക്കമുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാമെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശരീരത്തിലെ നിർജലീകരണം തടയാൻ നടപടിവേണം. ഇതിനായി ധാരാളം വെള്ളം കുടിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
കടുത്തവെയിൽ അനുഭവപ്പെടുന്ന ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണം.
ദീർഘനേരം നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ പതിയുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വേനൽ കടുത്തുവെങ്കിലും ഇത്തവണയും കുടിവെള്ളക്ഷാമമുണ്ടാകില്ലെന്ന് മെട്രോ വാട്ടർ അതോറിറ്റി അറിയിച്ചു.
നഗരത്തിൽ ഒക്ടോബർവരെ വിതരണം ചെയ്യാൻ പര്യാപ്തമായ വെള്ളം ജലസംഭരണികളിലുണ്ട്.