ചെന്നൈ: കുടുംബത്തോടൊപ്പം കാറിൽ പോവുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച സംഘത്തിലെ ഏഴ് പേർ അറസ്റ്റിൽ.
മൈലാപ്പൂർ സ്വദേശി ആനന്ദ് (31) ആണ് അക്രമിക്കപെട്ടതെന്നാണ് പോലീസ് പറയുന്നത്. ഐസ് ഓസ് പോലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇന്നലെ രാത്രി 11.45ന് വില്ലിവാക്കത്ത് നിന്ന് അയനാവരം ന്യൂ ആവടി റോഡ് വഴി വീട്ടിലേക്ക് കാറിൽ പോകുകയായിരുന്നു.
ന്യൂ ആവടി റോഡിൽ ഗംഗയ്യമ്മൻ ക്ഷേത്രത്തിന് സമീപം കഞ്ചാവ് ലഹരിയിൽ എത്തിയ സംഘം കാറിന് നേരെ കല്ലെറിഞ്ഞു. വണ്ടി നിർത്തി ചോദ്യം ചെയ്തപ്പോൾ സംഘം തർക്കിക്കുകയും കത്തിയും വടിയും ഉപയോഗിച്ച് ആനന്ദിനെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു. ഇതിൽ ആനന്ദ്, ഭാര്യ മോനിഷ (30), ബന്ധുവായ സഞ്ജയ് (23) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇതുകണ്ട് നാട്ടുകാർ കഞ്ചാവ് സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായി. പൊതുജനങ്ങൾ ഇയാളെ മർദിച്ച് അയനാവരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടെ, പരിക്കേറ്റ ആനന്ദ് കുടുംബത്തെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി കിൽപ്പോക്കിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണത്തിൽ അയനാവരം സ്വദേശി വിജയകുമാറാണ് (19) പൊതുജനങ്ങൾ പിടികൂടിയ പ്രതി . കഞ്ചാവ് ലഹരിയിൽ സുഹൃത്തുക്കളുമായി ചേർന്ന് പോലീസുകാരൻ്റെ വീട്ടുകാരെ മർദ്ദിച്ചതായും ഇയാൾ സമ്മതിച്ചു.
തുടർന്ന് വിജയകുമാർ, സുഹൃത്തുക്കളായ യുവരാജ് (21), ജോഷ്വ (23), പ്രവീൺ (23), ശരത്കുമാർ (25), ഗോകുൽ (22), അയനാവരം സ്വദേശികളായ 17 വയസ്സുള്ള ആൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.