രാജാക്കാട് : കുത്തുങ്കലിനുസമീപം വട്ടക്കണ്ണിപ്പാറയിൽ മിനിബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ അമ്മയും മകളും മരിച്ചു.
16 പേർക്ക് പരിക്കേറ്റു. റെജീന ബാനു (40), നൂറിൽ സന (7) എന്നിവരാണ് മരിച്ചത്.
തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ഇല്ലിയാംകുടിയിൽനിന്നുള്ള വിനോദസഞ്ചാരികളുടെ മിനിബസാണ് റോഡിലെ വളവിൽ മറിഞ്ഞത്. മൂന്നാർ കാണാൻ വന്നവരാണിവർ.
ശനിയാഴ്ച രാവിലെ 8.45-നായിരുന്നു അപകടം. മലേഷ്യക്കാരായ നാല് ബന്ധുക്കളുൾപ്പെടെ 19 സഞ്ചാരികളും രണ്ട് ഡ്രൈവർമാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്തിറക്കവും വളവുമുള്ള റോഡിൽ വണ്ടിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ബസ് മരക്കുറ്റിയിലിടിച്ച് റോഡിൽത്തന്നെ മറിഞ്ഞു. സമീപത്തെ അഗാധമായ കൊക്കയിലേക്ക് മറിയാഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
പരിക്കേറ്റവരിൽ ഏഴുപേരെ രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലും എട്ടുപേരെ ലൈഫ് കെയർ ആശുപത്രിയിലും ബാക്കിയുള്ളവരെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകിയശേഷം തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റവർ: ഡ്രൈവർ ജാഹിത് ഹുസൈൻ-46, ലിയാൻ (ഒന്നര), ഗുലാം (55), സാദിക് നജിം (35), ജാസ്മിൻ (46), ഹരിത നസ്ലിം (34), ഷാഫിക് (31), ജാഫിർ (16), മുഹമ്മദ് അലി (48), ഉമർ ഹഫീസ് (13), റോസ്മി (17), ദിസ്വാന (15), അജിഷ (18), കടുജ ബാംഗി (23), ആയിഷ (ഒന്നര).
മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. രാജാക്കാട്, ഉടുമ്പൻചോല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.