മംഗളാദേവി ചിത്രാപൗർണമി :  കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു; വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും

0 0
Read Time:4 Minute, 1 Second

ചെന്നൈ : മംഗളാദേവി ചിത്രാപൗർണമി ഉത്സവം 23-ന് നടക്കും. ഭക്തർക്കായി ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ വിലയിരുത്തി.

ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിന്റെയും തേനി ജില്ലാ കളക്ടർ ആർ.വി.ഷാജീവനയുടെയും നേതൃത്വത്തിൽ ചേർന്ന ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ, ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.

പരിസ്ഥിതി സൗഹൃദമായി ഭക്തരുടെ സുരക്ഷയ്ക്കും വനത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണത്തിനും മുൻതൂക്കം നൽകി ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കും.

ഉത്സവദിവസം രാവിലെ നാലിന് ഇരു സംസ്ഥാനങ്ങളിലെയും പൂജാരിമാരെയും സഹകർമ്മിയെയും പൂജാസാമഗ്രികളും ക്ഷേത്രത്തിലേക്കു കൊണ്ടുപോകാൻ അനുവദിക്കും.

അഞ്ചിന് ആറു ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ഓരോ ട്രാക്ടറിലും ആറു പേരിൽ കൂടുതൽ പാടില്ല.

ട്രാക്ടറുകളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല.യോഗത്തിൽ ഇടുക്കി സബ് കളക്ടർ അരുൺ എസ്.നായർ, പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പാട്ടിൽ സുയോഗ് സുബാഷ് റാവു തുടങ്ങിയവർ പങ്കെടുത്തു.

തീരുമാനങ്ങൾ

  • രാവിലെ ആറ് മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റിവിടും. ഉച്ചയ്ക്ക് 2.30-ന് ശേഷം ആരെയും വിടില്ല. വൈകീട്ട് 5.30-ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കില്ല.
  • ഭക്തരിൽനിന്ന് യാതൊരുവിധ തുകയും ഈടാക്കാൻ അനുവദിക്കില്ല.
  • ഡിസ്‌പോസിബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണങ്ങളോ കൊണ്ടുപോകാൻ അനുവദിക്കില്ല. ഇരുചക്രവാഹനങ്ങൾ അനുവദിക്കില്ല.
  • ക്ഷേത്രത്തിലേക്കുപോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ. പാസ് നൽകും. കുമളി ബസ് സ്റ്റാൻഡിൽ 20, 21 തീയതികളിൽ ഇരു സംസ്ഥാനങ്ങളുടെയും ആർ.ടി.ഒ.മാരുടെ നേതൃത്വത്തിൽ ഫിറ്റ്‌നസ് പരിശോധിച്ച് പാസ് അനുവദിക്കും. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം.
  • കുമളി ബസ് സ്റ്റാൻഡ്, അമലാംബിക സ്‌കൂൾ, കൊക്കരകണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് ഏർപ്പെടുത്തി വാഹനങ്ങൾ പരിശോധിക്കും.
  • പടക്കങ്ങളും പൊട്ടിത്തെറിക്കുന്ന ഉത്പന്നങ്ങളും അനുവദിക്കില്ല. കൊക്കരകണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും
  • മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലൻസ് തുടങ്ങിയവയും മലമുകളിൽ ഏർപ്പെടുത്തും.
  • പ്ലാസ്റ്റിക് ബോട്ടിലുകളിൽ വെള്ളം അനുവദനീയമല്ല. അഞ്ച് ലിറ്റർ ക്യാൻ ഉപയോഗിക്കാം. 13 പോയിന്റുകളിൽ കുടിവെള്ളം ഒരുക്കും.
  • ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത്.
  • വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വമിഷനുമായി സഹകരിച്ച് നടപടി സ്വീകരിക്കും.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts