ചെന്നൈ : നാലുവയസ്സുകാരിയായ മകളെ ബ്ലേഡ് ഉപയോഗിച്ച് മുറിവേല്പിക്കുകയും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്ത പിതാവ് അറസ്റ്റിൽ.
തഞ്ചാവൂർ അതിരപ്പട്ടണം സ്വദേശി ബാലസുബ്രഹ്മണ്യത്തെ(31)യാണ് പോലീസ് പിടികൂടിയത്.
വിദേശത്തുള്ള ഭാര്യ ശിവരഞ്ജിനിയെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനുവേണ്ടിയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ഇയാൾ മൊഴിനൽകി.
കഴിഞ്ഞദിവസം വീഡിയോ കോളിലൂടെ ശിവരഞ്ജിനിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു കുട്ടിയുടെ കൈയിൽ ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കിയത്.
ഇതുകണ്ട് ഭയന്ന ശിവരഞ്ജിനി ഉടൻ അയൽക്കാരെ വിളിച്ചു വിവരം പറഞ്ഞു. അയൽക്കാരും ചില സാമൂഹിക പ്രവർത്തകരും ചേർന്ന് പോലീസിൽ പരാതിനൽകി.
തുടർന്ന് പോലീസെത്തി ബാലസുബ്രഹ്മണ്യത്തെ അറസ്റ്റുചെയ്യുകയും കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ചികിത്സയ്ക്കുശേഷം കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
ദിവസക്കൂലിക്ക് ജോലികൾ ചെയ്തിരുന്ന ബാലസുബ്രഹ്മണ്യം മദ്യത്തിനടിമയായിരുന്നു.
ഇയാൾ ചെലവിന് പണം നൽകാത്തതിനാൽ കുറച്ചുനാൾ മുമ്പാണ് ശിവരഞ്ജിനി വീട്ടുജോലിക്കായി മലേഷ്യയിലേക്കുപോയത്.
Pപിന്നീട് ഫോൺചെയ്ത് പണം ആവശ്യപ്പെടുന്നത് പതിവാക്കിയ ബാലസുബ്രഹ്മണ്യം ഇടയ്ക്ക് കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോകളും ശിവരഞ്ജിനിക്ക് അയക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.