ചെന്നൈ : ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മധുര മീനാക്ഷി ക്ഷേത്രത്തിൽ തിരുകല്യാണച്ചടങ്ങുകൾ.
ചിത്തിര ഉത്സവത്തിന്റെ പത്താംദിവസം ആയിരക്കണക്കിന് ഭക്തരെ സാക്ഷി നിർത്തിയായിരുന്നു ചടങ്ങുകൾനടത്തിയത്.
ക്ഷേത്ര വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലായിരുന്നു തിരുകല്യാണം. ക്ഷേത്രവളപ്പിനുള്ളിൽ 10,000 പേർക്കായിരുന്നു അനുമതിയുണ്ടായിരുന്നത്.
ക്ഷേത്രത്തിനുപുറത്ത് തടിച്ചുകൂടിയ മറ്റ് ഭക്തർക്കുവേണ്ടി വലിയ എൽ.ഇ.ഡി. സ്ക്രീനുകളിൽ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു.
12 ദിവസം നീണ്ടുനിൽക്കുന്ന ചിത്തിര ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ദിഗ്വിജയ ചടങ്ങുകൾ നടന്നു.
അടുത്തദിവസമായ ഞായറാഴ്ച മീനാക്ഷി ദേവിയും ഭഗവാൻ സുന്ദരേശ്വരരും തമ്മിലുള്ള തിരുകല്യാണ ചടങ്ങുകൾ നടത്തുകയായിരുന്നു.
പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിച്ചു. ആറിന് ദേവിയെയും ഭഗവാനെയും തിരുകല്യാണ മണ്ഡപത്തിലേക്ക് ആനയിച്ചു. 8.35-നും 8.59-നുമധ്യേ തിരുകല്യാണം നടന്നു.
ചടങ്ങിന് സാക്ഷ്യംവഹിച്ച വിവാഹിതരായസ്ത്രീകൾ തിരുകല്യാണം നടന്നപ്പോൾ തങ്ങളുടെ മംഗല്യസൂത്രംമാറ്റി പുതിയത് ധരിച്ചു.
ഒരു ലക്ഷത്തിലേറെപേർക്ക് തിരുകല്യാണ വിരുന്നുണ്ടായിരുന്നു.
ചടങ്ങിന് ശേഷവും ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തി. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.