ചെന്നൈ: ഭർത്താവ് പ്രവീണിനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി രണ്ട് മാസത്തിന് ശേഷം ചെന്നൈയിൽ പരേതനായ പ്രവീണിൻ്റെ ഭാര്യ 19 കാരിയായ ശർമിള ആത്മഹത്യ ചെയ്തു.
കഴിഞ്ഞയാഴ്‌ച ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ശർമിളയെ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ രാത്രി വീണ്ടും ആത്മഹത്യാശ്രമം നടത്തിയ ശർമിളയെ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭർത്താവിൻ്റെ ക്രൂരമായ കൊലപാതകത്തിന് ശേഷം ശർമിള വിഷാദത്തിലായിരുന്നുവെന്നും ഭർത്താവ് പ്രവീണിൻ്റെ കൊലപാതകത്തിന് ഉത്തരവാദികളായ മാതാപിതാക്കളുടെയും മറ്റൊരു സഹോദരൻ്റെയും പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനാൽ ശർമിള നിരാശയായിരുന്നുവെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവീണിനെ ടാസ്മാക് കടയ്ക്ക് മുന്നിൽ വെച്ച് നാല് പേർ ചേർന്ന് ക്രൂരമായി വെട്ടിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ പ്രവീൺ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
ഈ കേസിൻ്റെ അന്വേഷണത്തിൽ, മരിച്ച പ്രവീൺ ജല്ലാഡിയൻപേട്ട് പ്രദേശത്തെ ശർമിള എന്ന 19 കാരിയെ പ്രണയിച്ചതായും ആൺകുട്ടി പട്ടികജാതി (എസ്‌സി) യിൽപ്പെട്ടതിനാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അവളുടെ പ്രണയത്തെ എതിർത്തിരുന്നുവേണും കണ്ടെത്തിയിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇവരുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രവീൺ ശർമിളയെ വിവാഹം കഴിച്ചത്.
പ്രവീൺ വേറെ ജാതിയിൽ പെട്ട ആളായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് യുവാവിനോട് വിദ്വെഷമുണ്ടായിരുന്നു. ഈ വിദ്വേഷം കാരണം ഷർമിളയുടെ സഹോദരൻ ദിനേശും സുഹൃത്തുക്കളും ചേർന്ന് പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദിനേശിനും സുഹൃത്തുക്കളായ സ്റ്റീഫൻ (24), ശ്രീറാം (18), വിഷ്ണു (25), ജ്യോതിലിംഗം (25) എന്നിവർക്കുമെതിരെ കൊലപാതകം, എസ്‌സി/എസ്‌ടി അതിക്രമങ്ങൾ തടയൽ നിയമം എന്നീ കുറ്റങ്ങൾ ചുമത്തി അന്ന് കേസെടുത്തു.