ടിപി വധത്തിന് ഇന്ന് 12 വയസ്

0 0
Read Time:2 Minute, 51 Second

കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം.

ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. സിപിഐഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകമില്ല.

ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിപി വധം ചർച്ചയായി.

2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്.

വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കൊലപാതകരാഷ്ട്രീയം ടിപിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു.

കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി ഉയർന്നു.

സിപിഐഎം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.

വളരെ ജനസമ്മതനായിരുന്ന ചന്ദ്രശേഖരന്റെ നീക്കം സിപിഐഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചു.

ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടമായി. ഇതോടെ ചന്ദ്രശേഖരന്റെ വധത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം കൂടുതൽ ശക്തിപ്പെട്ടു.

കേരളത്തിലെ 20 മണ്ഡലങ്ങളിലും ടിപി കേസ് വീണ്ടും ചർച്ചയായി. വിചാരണ കോടതി വിട്ടയച്ച രണ്ട് പേരെ കൂടി ഉൾപ്പെടുത്തി ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തമാണ് ഇക്കുറി ടിപി വിഷയത്തെ കൂടുതൽ ചർച്ചയാക്കിയത്.

കേരളരാഷ്ട്രീയത്തിൽ ഇതുപോലെ ചർച്ചയായതും വർഷങ്ങൾ കഴിഞ്ഞിട്ടും കനലണയാത്തതുമായ ഒരു രാഷ്ട്രീയക്കൊലപാതകം വേറെയില്ല.

വടകരയുടെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും നിർണായകമായി. ടിപി വധ ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts