ചെന്നൈ : തമിഴ്‌നാട്ടിൽ സൂര്യാഘാതംമൂലം ബൈക്ക് യാത്രികനുൾപ്പെടെ മൂന്നുപേർ മരിച്ചു.
തിരുച്ചിറപ്പള്ളിയിൽ രണ്ടുപേരും ചെന്നൈയിൽ ഒരാളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ബൈക്കിൽ യാത്രചെയ്തിരുന്ന ജയകുമാറാണ് (48) തിരുച്ചിറപ്പള്ളിയിൽ മരിച്ച ഒരാൾ.
യാത്രയ്ക്കിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് ഇദ്ദേഹം റോഡരികിൽ തളർന്നുവീഴുകയായിരുന്നു.
പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. സംഭവത്തിൽ വൊറയൂർ പോലീസ് കേസെടുത്തു.
തിരുച്ചിറപ്പള്ളി ഗോൾഡൻ റോക്ക് റെയിൽവേ വർക്‌ഷോപ്പിലെ സെന്തിൽകുമാറാണ് (42) സൂര്യാഘാതമേറ്റ് മരിച്ച മറ്റൊരാൾ.
ശനിയാഴ്ച ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിലൂടെ നടന്നുപോവുമ്പോൾ പെട്ടെന്നു ബോധംകെട്ട് വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴക്കും മരിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് കേസെടുത്തു.
മറ്റൊരുമരണം ചെന്നൈയിലാണ്. കാഞ്ചീപുരത്ത് നിർമാണ ജോലിയിലേർപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയാണ് മരിച്ചത്.
ജോലിക്കിടെ തളർന്നുവീഴുകയായിരുന്നു. ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീഞ്ചൂരിൽ നിർമാണജോലിക്കിടെ സൂര്യാഘാതമേറ്റ മറ്റൊരു തൊഴിലാളിയെ ഗുരുതരാവസ്ഥയിൽ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുച്ചിറപ്പള്ളിയിൽ സൂര്യാഘാതമേറ്റു മരിച്ച രണ്ടുപേർക്ക് മറ്റ് അസുഖങ്ങളുമുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.