ദത്ത് നൽകിയ മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടുന്നതിനുള്ള എച്ച്.ഐ.വി. ബാധിതയായ അമ്മയുടെ ഹർജി തള്ളി

0 0
Read Time:2 Minute, 41 Second

ചെന്നൈ : മൂന്നുവയസ്സുള്ള മകനെ വിട്ടുകിട്ടാനായി എച്ച്.ഐ.വി. ബാധിതയായ അമ്മ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.

എന്നാൽ, വാരാന്തങ്ങളിലെ ഒരുദിവസം വൈകീട്ട് അഞ്ചിനും രാത്രി എട്ടിനുമിടയിൽ കുട്ടിയെ കാണാൻ അമ്മയ്ക്ക് അനുവാദം നൽകി.

ഈറോഡ് സ്വദേശിയായ സ്ത്രീ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ജനിച്ചത് മുതൽ മറ്റൊരു ദമ്പതികളാണ് കുട്ടിയെ ദത്തെടുത്ത്‌ വളർത്തുന്നതെന്ന കാര്യവും പ്രസവിച്ച അമ്മയെന്ന പരിഗണനയും കണക്കിലെടുത്താണ് ജസ്റ്റിസ് എം.എസ്. രമേഷ്, ജസ്റ്റിസ് സുന്ദർ മോഹൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് തീർപ്പാക്കിയത്.

ഈറോഡിലെ ആശുപത്രിയിൽ 2020 ജൂലായിലായിരുന്നു കുട്ടി ജനിച്ചത്. അമ്മ എച്ച്.ഐ.വി. ബാധിതയായതിനാൽ മറ്റൊരു ദമ്പതികൾക്ക് കുട്ടിയെ ദത്തുനൽകി.

മകനെ വിട്ടുകിട്ടാനായി 2022-ൽ സ്ത്രീ പോലീസിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടായില്ല.

അതിനിടയിൽ കുട്ടിയുടെ രക്ഷിതാവായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ദത്തെടുത്ത സ്ത്രീ ഈറോഡിലെ പ്രിൻസിപ്പൽ ജില്ലാക്കോടതിയിൽ ഹർജിനൽകി. ഇത് കോടതിയുടെ പരിഗണനയിലാണ്.

മേയ് ഒന്നുമുതൽ വാരാന്തങ്ങളിൽ ഒരുദിവസം കുട്ടിയെ കാണാനാണ് അമ്മയ്ക്ക് അനുവാദം നൽകിയിരിക്കുന്നത്.

രക്ഷാകർതൃത്വം തനിക്കുനൽകണമെന്നുള്ള ദത്തെടുത്ത സ്ത്രീയുടെ ഹർജി ആറുമാസത്തിനകം തീർപ്പാക്കണമെന്ന് ഈറോഡിലെ കീഴ്‌ക്കോടതിക്കു നിർദേശം നൽകി.

കുട്ടിയെ ദത്തെടുത്തിരിക്കുന്നത് നിയമാനുസൃതമായല്ലെന്നും അതിനാൽ വിട്ടുനൽകണമെന്നുമാണ് അമ്മയ്ക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

എന്നാൽ എച്ച്.ഐ.വി. ബാധിതയാണെന്നതിനാൽ പ്രസവിച്ച അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണ് കുട്ടിയെ നൽകിയതെന്ന് ദത്തെടുത്ത ദമ്പതികളുടെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts