ചെന്നൈ : പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് റോട്ട്വീലർ വളർത്തുനായകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
നായയുടെ ഉടമയെയും ഭാര്യയെയും മകനെയും പോലീസ് അറസ്റ്റുചെയ്തു.
അപകടകാരികളായ നായകളെ ഏഴുദിവസത്തിനുള്ളിൽ വീട്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ചെന്നൈ നഗരസഭ വീട്ടുടമയ്ക്ക് നോട്ടീസ് നൽകി.
ചെന്നൈയിലെ തൗസൻഡ് ലൈറ്റിലുള്ള പൊതുപാർക്കിൽ ഞായറാഴ്ച വൈകീട്ടാണ് രണ്ടു റോട്ട്വീലർ നായകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പാർക്കിലെ സുരക്ഷാജീവനക്കാരായ രഘുവിന്റെ മകൾ സുദക്ഷയെന്ന അഞ്ചുവയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്.
പാർക്കിന് എതിർവശത്തുള്ള വീട്ടിൽ വളർത്തുന്ന നായകൾ പുറത്തിറങ്ങി കുട്ടിയെ ആക്രമിക്കുകയായിരുന്നു.
നായകളിൽനിന്ന് കുട്ടിയെ രക്ഷിക്കാൻശ്രമിച്ച അമ്മയ്ക്കും കടിയേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് നായകളുടെ ഉടമ പുകഴേന്തിയെ അറസ്റ്റുചെയ്തിരുന്നു. ഇയാളുടെ ഭാര്യ ധനലക്ഷ്മിയും മകൻ വെങ്കിടേശനും തിങ്കളാഴ്ച അറസ്റ്റിലായി