ചെന്നൈ : മദ്യശാലയിൽവെച്ച് പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന കേസിൽ മൂന്നുയുവാക്കളെ അറസ്റ്റുചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ചെന്നൈയിൽനിന്ന് 50 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ മാതാർപ്പക്കത്ത് ആന്ധ്ര അതിർത്തിയോടുചേർന്ന് വ്യാഴാഴ്ചയാണ് 30 വയസ്സുതോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
അർധനഗ്നമായ മൃതദേഹത്തിൽ നിറയെ മുറിപ്പാടുകളുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സൂര്യ (26), സുവേന്ദർ (23), ജബകുമാർ (23) എന്നിവർ അറസ്റ്റിലായത്.
സമീപത്തെ ടാസ്മാക് മദ്യവിൽപ്പനശാലയിൽനിന്ന് യുവതിയും യുവാക്കളും മദ്യം വാങ്ങുന്നതിന്റെയും യുവതിക്കുപിന്നാലെ മൂവരും പോകുന്നതിന്റെയും ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ യുവാക്കളെ തിരിച്ചറിഞ്ഞ പോലീസ്, കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ പ്രതികൾ കുറ്റംസമ്മതിക്കുകയായിരുന്നു.
മദ്യവിൽപ്പനശാലയിൽവെച്ചാണ് യുവതിയെ പരിചയപ്പെട്ടതെന്ന് യുവാക്കൾ പറഞ്ഞു. അടുത്തുള്ള ഒഴിഞ്ഞപറമ്പിൽവെച്ച് ഒരുമിച്ചു മദ്യപിച്ചശേഷം മൂവരുംചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പിടിവലിക്കിടെ യുവതി ശ്വാസംമുട്ടി മരിച്ചു. കൊല്ലപ്പെട്ട സ്ത്രീ ആന്ധ്രാസ്വദേശിയാണെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് ഇവർ ആക്രിസാധനങ്ങൾ പെറുക്കുന്നത് കണ്ടവരുണ്ട്.