ചെന്നൈ : സി.പി.ഐ. നേതാവും നാഗപട്ടണം എം.പി.യുമായ എം.സെൽവരാജ് (67) അന്തരിച്ചു. നേരത്തെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1989, 1996, 1998, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ നാഗപട്ടണത്തുനിന്ന് സി.പി.ഐ. ടിക്കറ്റിൽ വിജയിച്ച സെൽവരാജ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ സജീവമായിരുന്നു.
കർഷക പ്രശ്‌നങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച അദ്ദേഹം കാവേരി നദീതട ജില്ലകളിൽ റെയിൽപ്പാത കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സി.പി.ഐ.ക്ക് ശക്തമായ അടിത്തറയുള്ള നീഡാമംഗലം കപ്പലുടയ്യൻ ഗ്രാമത്തിലെ കർഷകകുടുംബത്തിൽ മുനിയൻ-കുഞ്ഞമ്മാൾ ദമ്പതികളുടെ മകനായി 1957 മാർച്ച് 16-നാണ് ജനനം.
ചെറുപ്പത്തിൽത്തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. ബിരുദപഠനത്തിനിടെ കലാലയ രാഷ്ട്രീയത്തിലും യുവജന പ്രസ്ഥാനങ്ങളിലും സജീവമായി. ഭാര്യ: കമലാവദനം. മക്കൾ: സെൽവപ്രിയ, ദർശിനി.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ജന്മനാട്ടിൽ. സെൽവരാജിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി മുത്തരസൻ, പി.എം.കെ. സ്ഥാപക നേതാവ് രാമദാസ് തുടങ്ങിയവർ അനുശോചിച്ചു.