ചെന്നൈ : ചൂട് ഏറ്റവുമുയരുന്ന കത്തിരി മാസത്തിൽ പെയ്ത മഴയിൽ ചെന്നൈ നഗരത്തിന് ആശ്വാസം. തിങ്കളാഴ്ച രാവിലെ നഗരത്തിലെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചതോടെ താപനില കുറഞ്ഞു.
മീനമ്പാക്കത്ത് രേഖപ്പെടുത്തിയ കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസായിരുന്നു. കുറഞ്ഞ താപനില 28 ഡിഗ്രിയുമായിരുന്നു. നുങ്കമ്പാക്കത്ത് ഇത് 36 ഡിഗ്രിയും 30 ഡിഗ്രിയുമായിരുന്നു.
കത്തിരി തുടങ്ങുന്നതിന് മുമ്പുതന്നെ നഗരത്തിൽ താപനില 40 ഡിഗ്രി കടന്നിരുന്നു. അതിനാൽ, കൊടുംവേനൽ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മഴയെത്തിയത്.
അടുത്തദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ കനത്ത മഴയുണ്ടായി.
സേലം, ധർമപുരി, കൃഷ്ണഗിരി ജില്ലകളിൽ വൻ മഴയാണുണ്ടായത്. ഇതോടെ ഈ പ്രദേശങ്ങളിലെ താപനില കുറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനുംദിവസങ്ങളിൽ തമിഴ്‌നാട്ടിൽ മിക്കയിടങ്ങളിലും മൂന്നുഡിഗ്രിയിൽ അധികം ചൂട് കുറഞ്ഞിട്ടുണ്ട്. മേയ് നാലുമുതൽ 28 വരെയാണ് കത്തിരിക്കാലം.
സാധാരണ ഈ സമയത്താണ് തമിഴ്‌നാട്ടിൽ മിക്കയിടങ്ങളിലും താപനില 40 ഡിഗ്രി കടക്കുന്നത്. എന്നാൽ, ഇത്തവണ ഏപ്രിലിൽത്തന്നെ 40 ഡിഗ്രിക്കുമുകളിൽ ചൂടനുഭവപ്പെട്ടിരുന്നു.
പിന്നീട് മേയ് ആരംഭിച്ചതോടെ കൂടുതൽ രൂക്ഷമായി. ചെന്നൈയിൽ 42 ഡിഗ്രി വരെ ചൂട് ഉയർന്നിരുന്നു. വെല്ലൂരിൽ 43 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു.