Read Time:1 Minute, 22 Second
ചെന്നൈ : മതിയായ പരിചരണം ലഭിച്ചില്ലെന്നും മാനസിക സംഘർഷം അനുഭവിച്ചെന്നുമുള്ള രോഗിയുടെ പരാതിയിൽ മധുരയിലെ സ്വകാര്യാശുപത്രിക്ക് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അഞ്ചുലക്ഷം രൂപ നഷ്ട പരിഹാരം വിധിച്ചു.
സാധാരണക്കാർ ഡോക്ടറെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും അതിന്റെ ഉത്തരവാദിത്വം ആശുപത്രികൾ കാണിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
അഭിഭാഷകയായ യുവതി 2023 സെപ്റ്റംബറിലാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രി അധികൃതർ തന്നോട് മോശമായി പെരുമാറിയെന്നും കൃത്യസമയത്ത് മരുന്ന് നൽകിയില്ലെന്നും നൽകിയ മരുന്നിന്റെ വിവരങ്ങൾ അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
കാഷ്ലെസ് ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്ന് അറിയിച്ചെങ്കിലും പണം ഈടാക്കി. ചികിത്സയിൽ പിഴവൊന്നുമുണ്ടായിട്ടില്ലെങ്കിലും ആശുപത്രിയുടെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായതായി കമ്മിഷൻ കണ്ടെത്തി.