ചെന്നൈ : ഗാന്ധിപുരം സ്റ്റാൻഡിൽ, അശ്രദ്ധമായി പിറകോട്ടെടുത്ത ബസിനും നിർത്തിയിട്ട ബസിനുമിടയിൽ കുടുങ്ങി ഒരാൾ മരിച്ചു.
ഊട്ടി സ്വദേശി ശിവകുമാറാണ് (40) മരിച്ചത്. ഡ്രൈവർ ഓണ്ടിപുതൂർ സ്വദേശി തിരുനാവുക്കരസിനെ അറസ്റ്റ്ചെയ്തു.
പിറകോട്ടെടുത്ത ബസിടിച്ച് നിർത്തിയിട്ട ബസിന്റെ മുൻവശത്തെ ഗ്ലാസും തകർന്നിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സ്റ്റാൻഡിൽ ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്തുനിന്ന്, ഗാന്ധിപാർക്കിലേക്കുള്ള ബസ്സാണ് മുന്നറിയിപ്പില്ലാതെ പിറകോട്ടെടുത്തത്.
ഈ സമയം പിറകിലും ബസുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട ബസുകൾക്കിടയിലൂടെ നടന്നുപോവുകയായിരുന്ന ശിവകുമാർ അപകടത്തിൽപ്പെടുകയായിരുന്നു.
ബസുകൾക്കിടയിൽ കുരുങ്ങിയ ശിവകുമാറിന്റെ തലയ്ക്കും മറ്റും ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഓടിക്കൂടിയ ഡ്രൈവർമാരും യാത്രക്കാരും ചേർന്നാണ് ശിവകുമാറിനെ പുറത്തെടുത്തത്.
തിരുനാവുക്കരസിനെ പിടികൂടിയപ്പോൾ ഇയാൾ മദ്യപിച്ചതായി മനസ്സിലാവുകയും ഇതോടെ യാത്രക്കാർ പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന്, കാട്ടൂർ പോലീസും ട്രാഫിക് പോലീസും സ്ഥലത്തെത്തി തിരുനാവുക്കരശിനെ കസ്റ്റഡിയിലെടുത്തു. യാത്രക്കാർ ഡ്രൈവറെ മർദിച്ചതായി പോലീസ് പറഞ്ഞു.