ചെന്നൈ : 15,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന കാർ ഡ്രൈവറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 205 കോടി രൂപയുടെ ഇടപാട് നടന്നതിനെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടി.
ഇതുസംബന്ധിച്ച് ഇപ്പോൾ അന്വേഷണമൊന്നും നടക്കുന്നില്ലെന്നാണ് ചെന്നൈ പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് പറയുന്നത്. ആദായനികുതിവകുപ്പ് അന്വേഷണത്തിലും പുരോഗതിയൊന്നുമുണ്ടായില്ല.
ചെന്നൈയിൽ കാർഡ്രൈവറായി ജോലി നോക്കിയിരുന്ന ശ്രീനിവാസിന് 2016-ലാണ് കോടികളുടെ ഇടപാടുകൾ നടന്നതു സംബന്ധിച്ച് ആദായനികുതിവകുപ്പിൽനിന്ന് നോട്ടീസ് ലഭിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെയായിരുന്നു അത്.
തന്റെ പേരിൽ ഇങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു കാണിച്ച് ശ്രീനിവാസ് ക്രൈംബ്രാഞ്ചിന് പരാതി നൽകി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്തു.
ക്രൈംബ്രാഞ്ച് അന്വേഷണം തന്നെയാണ് ഉചിതമെന്ന് ഹൈക്കോടതി 2020-ൽ അഭിപ്രായപ്പെട്ടു.
ശ്രീധർ എന്നയാൾ വഴി താൻ 2014-ൽ അനിൽ ജെയിൻ എന്നയാളുടെ റെഫെക്‌സ് എനർജി എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്നെന്ന് ശ്രീനിവാസിന്റെ പരാതിയിൽ പറയുന്നു.
ശ്രീനിവാസിന്റെ ഡ്രൈവിങ് ലൈസൻസും പാനും ഫോട്ടോയും ശ്രീധർ വാങ്ങുകയുംചെയ്തു. എന്നാൽ നാലുദിവസമേ ജോലിചെയ്തുള്ളു. പിന്നീട് വിളിക്കാമെന്നറിയിച്ച് പറഞ്ഞയച്ചു.
ഈ രേഖകൾ ഉപയോഗിച്ചാവും തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നാണ് ശ്രീനിവാസിന്റെ സംശയം.
കോടികളുടെ ഇടപാട് നടന്നതിന് വിശദീകരണം ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിൽനിന്ന് നോട്ടീസുകൾ ലഭിച്ചപ്പോഴാണ് ശ്രീനിവാസ് ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ടിന്റെ കാര്യം അറിയുന്നതുതന്നെ.
പരാതിക്കാരൻ സഹകരിക്കാത്തതുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.